കല്ലമ്പലം : ഗുരുവായൂർ തിരുസന്നിധിയിൽ നിന്നും പുറപ്പെട്ട് ശ്രീപത്മനാഭതിരുസന്നിധിയിൽ എത്തിച്ചേരുന്ന തങ്ക വിഗ്രഹ രഥ ഘോഷയാത്രയ്ക്ക് നിലാവ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കല്ലമ്പലം ജംഗ്ഷനിൽ സ്വീകരണം ഒരുക്കി. തൃശൂർ,എറണാകുളം,ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഇന്ന് ഉച്ചയോടു കൂടിയാണ് കല്ലമ്പലം ജംഗ്ഷനിൽ രഥ ഘോഷയാത്ര എത്തിച്ചേർന്നത്.
നിലാവ് സാംസ്കാരിക വേദി കോ ഓർഡിനേഷൻ കൺവീനർ അഡ്വക്കേറ്റ് താജുദ്ദീൻ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യപ്രവർത്തകൻ മണിലാൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വാർഡ് മെമ്പർ ലോകേഷ് രഘുനാഥൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ഷാജഹാൻ, നിസാം തനിമ, ദീപു മാവിൻമൂട്, നിസാം ഇടുക്കി, എ.എച്ച് നജീബ് തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.