ആറ്റിങ്ങൽ : നിരവധി തവണ നാട്ടുകാരും മാധ്യമങ്ങളും പരാതിയും വാർത്തയും നൽകിയെങ്കിലും അധികൃതർ അറിഞ്ഞ ഭാവം പോലും നടിക്കാത്ത സ്ഥലത്ത് ഇന്ന് വീണ്ടും അപകടം നടന്നു. അപകടത്തിൽ തലനാരിഴയ്ക്കാണ് സ്കൂട്ടർ യാത്രികൻ രക്ഷപെട്ടത്. ദേശീയ പാതയിൽ ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം മാടൻനട ക്ഷേത്രത്തിനു മുൻപിലാണ് കുളം പോലെ വെള്ളം കെട്ടി നിൽക്കുന്നത്.
ഇന്ന് വൈകുന്നേരം 6 മണിയോടെ കല്ലമ്പലത്ത് നിന്ന് ജോലി കഴിഞ്ഞ് അവനവഞ്ചേരിയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്നു അനിൽകുമാ(49)റും അനുജൻ സുരേഷ് ബാബുവും. ക്ഷേത്രത്തിനു മുന്നിൽവെച്ച് അനിൽകുമാർ ഓടിച്ചിരുന്ന സ്കൂട്ടറിനു മുന്നിലൂടെ പോയ കാർ വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് കാറിന്റെ വേഗത കുറച്ചു. ഈ സമയം വെള്ളക്കെട്ടിൽ ബ്രേക്ക് പിടിച്ചിട്ടും സ്കൂട്ടർ നിന്നില്ല. കാറിന്റെ പിന്നിൽ ഇടിച്ച് അനിൽകുമാറും അനുജനും സ്കൂട്ടറും ചെളിയും മാലിന്യവും കലർന്ന വെള്ളത്തിൽ വീണ് മുങ്ങി. ഉടനെ ചില യാത്രക്കാർ ഓടിയെത്തി അനിൽകുമാറിനെ പിടിച്ചു എഴുന്നേൽപ്പിച്ചു. നെഞ്ച് ഇടിച്ചാണ് അനിൽകുമാർ വീണത്. കൈ കാലുകൾക്കും പരിക്കേറ്റു. ഇവർ സഞ്ചരിച്ചു വന്ന സ്കൂട്ടറിനു തൊട്ടു പിന്നാലെ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ അനിൽകുമാറിനെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഇവിടെ വെള്ളക്കെട്ട് കാരണം അപകടങ്ങൾ പതിവാണ്. മാത്രമല്ല, ഈ വെള്ളക്കെട്ട് കാരണം ക്ഷേത്രത്തിൽ എത്തുന്നവരും ബുദ്ധിമുട്ടുകയാണ്. അപകടത്തിൽപെട്ട് ആരുടെയെങ്കിലും ജീവൻ നഷ്ടമാകുന്നത് വരെ കാത്ത് നിൽക്കാതെ ഈ വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർക്ക് മനസ്സാക്ഷി ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.