വര്‍ക്കല ബിവറേജസ് ഔട്ട്‌ലറ്റ് കുത്തി തുറന്ന് മോഷണം : രണ്ട് പേർ പിടിയിൽ

eiGBK6014017

വർക്കല : വര്‍ക്കല ബിവറേജസ് ഔട്ട്‌ലറ്റ് കുത്തി തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേർ വർക്കല പോലീസിന്റെ പിടിയിലായി. വർക്കല കോട്ടുമൂല സ്വദേശി അസിം (33), അയിരൂർ കോവൂർ സ്വദേശി ശങ്കരൻ എന്ന് വിളിക്കുന്ന അജിത്ത് (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് ഇവർ പിടിയിലായത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 1.30 മണിയോടെയാണ് വർക്കല ബിവറേജസ്‌ ഔട്ട്‌ലറ്റിന്റെ പൂട്ട് കുത്തിത്തുറന്ന് ഗ്രിൽ വളച്ചു മോഷ്ടാക്കൾ അകത്തു കയറിയത്. ഔട്ലെറ്റിലെ മാനേജർ ക്യാബിന് സമീപത്തു സൂക്ഷിച്ചിരുന്ന വിലകൂടിയ , മുന്തിയ ഇനം വിദേശനിർമ്മിത മദ്യമാണ് സംഘം മോഷ്ടിച്ചത്.
50340 രൂപ വിലവരുന്ന 31 കുപ്പി മദ്യമാണ് മോഷണം പോയത് എന്ന പരാതിയിന്മേൽ കഴിഞ്ഞദിവസം വർക്കല പോലീസ് കേസ് എടുത്തിരുന്നു.

ഓഫീസില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും മോഷണം പോയിരുന്നു. ഇത് ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഷെല്‍ഫ് പൊളിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഓഫീസ് ഫയലുകളും മറ്റും വലിച്ചുവരി ഇട്ട നിലയിൽ ആയിരുന്നു. ഔട്ട്‌ലറ്റ് ഓഫീസിൽ ഉണ്ടായിരുന്ന മൂന്ന് ബാഗുകളിൽ ആയാണ് ഇവർ 31 കുപ്പി മദ്യവും കടത്തിയത് . ബിവറേജ് ഔട്ട്‌ലറ്റിന്റെ ഇലക്ട്രിസിറ്റി കണക്ഷൻ വിച്ഛേദിച്ചു ആണ് ഉള്ളിൽ പ്രവേശിച്ചത്. അത്കൊണ്ട് തന്നെ ബിവറേജസ് സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല. തുടർന്ന് സമീപത്തെ ലോഡ്ജിന്റെ സിസിടിവി പരിശോധിച്ചതോടെയാണ് മൂന്നുപേര്‍ ഔട്ട്‌ലറ്റിനുള്ളില്‍ കടന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഓട്ടോ സ്റ്റാന്റിൽ നിന്നും ഓട്ടോയിൽ കയറിയ പ്രതികൾ തിരുവമ്പാടി ബീച്ച് ഭാഗത്തേക്ക് പോയതായി ഇവർ സഞ്ചരിച്ച ഓട്ടോ ഡ്രൈവർ മൊഴി നൽകിയിരുന്നു.
സ്റ്റേഷനിൽ ജിഡി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎസ്ഐ സലിമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ പോലീസ് പിടികൂടിയത്.

പ്രതികൾ ഗോവയിൽ നിന്നും എത്തിച്ച മദ്യം ആണെന്ന് പറഞ്ഞുകൊണ്ട് കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തുന്നു എന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
തുടർന്ന് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പ്രതികളെ കുറിച്ചു വ്യക്തമായ സൂചന ലഭിക്കുകയും പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്ന പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. മോഷ്ടിച്ച മദ്യം ഇവരുടെ വീടിന്റെ പരിസരത്ത് ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പകുതിയോളം മദ്യകുപ്പികൾ കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തുകയും ചെയ്തിട്ടുള്ളതായി വർക്കല സിഐ സനോജ് എസ് അറിയിച്ചു.

പ്രതികളെ ചോദ്യം ചെയ്തതിൽ മോഷണത്തിൽ കൂട്ടാളിയായ ഒരാൾ കൂടി ഉണ്ടെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കായി പോലീസ് അന്വേഷണം ഉർജിതപ്പെടുത്തിയിട്ടുണ്ട്. തെളിവെടുപ്പിന് ഹാജരാക്കിയ പ്രതികൾ ബിവറേജസ് ഔട്ലെറ്റിന് പിന്നിലുള്ള മതിൽ ചാടി ആണ് അകത്തേക്ക് കടന്നത് എന്നും സി സി ടി വി ദൃശ്യങ്ങളിൽ പെടാതിരിക്കാനായി വൈദ്യുതി ബന്ധം വിച്ഛേദിച്ചു എന്നും പൂട്ട് കുത്തി തുറന്ന് ഗ്രിൽ വളച്ചാണ്‌ അകത്തു കയറിയത് എന്നും പോലീസിനോട് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.സംഘത്തിലെ 3 പേരും അയിരൂർ, വർക്കല പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി മോഷണക്കേസുകളിൽ പ്രതികൾ ആണെന്ന് വർക്കല പോലീസ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!