ചിറയിൻകീഴ് – അഞ്ചുതെങ്ങിൽ കടൽക്ഷോഭം ശമനമില്ലാതെ തുടരുന്നു. താഴംപള്ളി പൂത്തുറയിലാണ് മൂന്ന് മത്സ്യതൊഴിലാളിയുടെ വീടുകളാണ് പൂർണ്ണമായും കടലെടുത്തത്. മൂന്ന് ദിവസമായി തുടരുന്ന അപ്രതീക്ഷിത കടൽക്ഷോഭത്തിൽ തീരത്ത് വ്യാപകനാശമാണുണ്ടായത്. അഞ്ചുതെങ്ങ്, പൂത്തുറ, താഴംപള്ളി എന്നിവിടങ്ങളിലായി നൂറോളം വീടുകളിൽ വെളളം കയറി അപകടാവസ്ഥയിലായി. പൂത്തുറ പള്ളിപുരയിടത്തിൽ കവിത വിജു, ദാസൻ സൈമൺ, അഗ് നസ് രാജീവ് എന്നിവരുടെ വീട് പൂർണമായും, പൂത്തുറ തരിശുപറമ്പിൽ ബീന ബിജു, ജാക് സൺ മെൻ്റസ്, ഹെലൻ ക്ലെമൻ്റ്, വത്സല ജോബായ്, താഴംപള്ളി പുത്തൻബംഗ്ലാവിൽ മേരി ചാക്കോ, പുതുവൽ വീട്ടിൽ ജെയിംസ്, ഫ്രെഡി, രാജു എന്നിവരുടെ വീട് ഭാഗികമായും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ തിരയിൽ തകർന്നു.
രണ്ട് ദിവസം മുമ്പുണ്ടായ കടൽക്ഷോഭത്തിൽ വീടുകൾക്ക് സാരമായ നാശനഷ്ടമേറ്റിരുന്നു. ബുധനാഴ് ച രാത്രിയിൽ ഉണ്ടായ ശക്തമായ തിരയിൽ കടൽഭിത്തി തകർത്തുകൊണ്ട് തിര ആഞ്ഞടിച്ചാണ് വീടുകൾ തകർന്നത്. സാധാരണയായി തീരത്തോട് ചേർന്നിരിക്കുന്ന വീടിനുമുകളിലൂടെ റോഡിലാണ് പതിച്ചിരുന്നതെങ്കിൽ റോഡിന് അപ്പുറം വശത്തെ വീടിനെയും മറികടന്നാണ് തിരമാലകൾ കായലിൽ പതിച്ചത്. കടല്‍തീരത്തോട് ചേര്‍ന്ന സ്ഥിതിചെയ്യുന്ന വീടുകള്‍ അപകടാവസ്ഥയിലാണ്. ഇവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. പൂത്തുറ തരിശുപറമ്പ് മുതൽ മുഞ്ഞമൂട് പാലം വരെയുള്ള റോഡിൽ കടലിലെ മണ്ണ് നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ശക്തമായ തിരയില്‍ നിരവധി വീടുകളുടെ പിന്‍ വശത്ത് തിര അടച്ചുകൊണ്ടിരിക്കുകയാണ്. അഞ്ചുതെങ്ങിലെ പടിഞ്ഞാറ് വശത്തായി സ്ഥിതിചെയ്യുന്ന വീടുകളിലെ ജനങ്ങള്‍ ഭീതിയിലാണ്. ശക്തമായ തിരയിളക്കത്തിൽ പലഭാഗത്തും നിക്ഷേപിച്ച പാറ കടലെടുത്തു. രണ്ടാഴ്ച്ചയായി തുടരുന്ന കടൽക്ഷോഭത്തിൽ തീരദേശം കടുത്ത വറുതിയിലാണ്. ബോട്ടുകളെല്ലാം മുതലപ്പൊഴി ഹാർബറിന് സമീപത്ത് സുരക്ഷിതമായി കയറ്റിവച്ചിരിക്കുകയാണ്. ഒരു മാസത്തേക്ക് കടലിൽ പോകരുതെന്ന നിർദ്ദേശത്തെ തുടർന്ന് കടലിൽ പോകാതെ ചില മത്സ്യതൊഴിലാളികൾ ബോട്ടുകൾ തീരത്തായി സുരക്ഷിതമായി കയറ്റിവച്ചിരിക്കുകയാണ്.