അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിനെയും വക്കത്തിനെയും ബന്ധിപ്പിക്കുവാൻ പാലം നിർമ്മിക്കുമെന്ന് ഇരുമുന്നണികളുടെയും ഇലക്ഷന് വാഗ്‌ദാനം ഇപ്പോഴും വെറും വാഗ്‌ദാനം മാത്രമെന്ന് ആക്ഷേപം.
കായിക്കരക്കാരുടെ അൻപതോളം വർഷത്തെ വികസന സ്വപ്നമാണ് കായിക്കര കടവ് പാലം.അത് ഇനിയും പൂവണിയാത്ത സ്വപ്നം. പല മന്ത്രിമാരും എംഎൽഎമാരും വാഗ്ദാനങ്ങൾ നൽകുകയും കല്ലിടുകയും ചെയ്തു. പക്ഷെ പാലം ഇതുവരെയും യാഥാർഥ്യമായി കണ്ടില്ല. മഹാകവി കുമാരനാശാൻ സ്മാരകവും വക്ക ഖാദർ സ്മാരകവും തമ്മിൽ ബന്ധിപ്പിക്കുന്നത്തിനും അറ്റിങ്ങൽ നിന്ന് കായിക്കര വഴിയുള്ള യാത്ര കിലോമീറ്ററുകൾ ലാഭിക്കാനും ഈ പാലം യാഥാർഥ്യമാകുകയാണെങ്കിൽ സാധിക്കും.
മാത്രവുമല്ല, തീരദേശമായതിനാൽ സുനാമി പോലുള്ള കടൽക്ഷോഭങ്ങൾ ഉണ്ടായാൽ ഈ പാലം ആയിരകണക്കിന് ജീവൻ രക്ഷപെടുത്താൻ പ്രയോജനകരമായിരിക്കും, മത്സ്യ വിപണനത്തിനും വളരെയേറെ ഗുണകരമായിരിക്കും. കൂടാതെ അഞ്ചുതെങ്ങു ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് ഒരു വലിയ അളവുവരെ ഈ പാലം ഗുണകരമാകുകയും ചെയ്യുമെന്ന് പ്രദേശവാസികൾ പറയുന്നു.
നിലവിലെ ചിറയിൻകീഴ് മണ്ഡലം എംഎൽഎ കഴിഞ്ഞ പ്രാവശ്യം മത്സരിച്ചപ്പോൾ അഞ്ചുതെങ് നിവാസികൾക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കായിക്കര കടത്ത് പാലമെന്ന് പൊതുജനം പറയുന്നു. ആറ്റിങ്ങൽ എംഎൽഎയും ഇതേ വാഗ്ദാനം വക്കം നിവാസികൾക്ക് നൽകിയിരുന്നതായി വക്കം പ്രദേശത്തുള്ളവർ പറയുന്നു
ഈ പദ്ധതിയുടെയും അനുബന്ധ പ്രവർത്തങ്ങൾക്കുമായി കഴിഞ്ഞ ബഡ്ജറ്റിൽ 25 കോടിയോളം രൂപയാണ് വകയിരുത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഈ പദ്ധതി യാഥാർഥ്യമായാൽ പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് ഇത് പുത്തൻ ഉണർവ്വ് നൽകുകയും അതുവഴി അഞ്ചുതെങ്ങ് കോട്ട , മുതലപ്പൊഴി , കായിക്കര കാവ്യഗ്രാമം, അകത്തുമുറി പൊന്നും തുരുത്ത് എന്നീ പ്രദേശങ്ങളുടെ ടൂറിസം സാധ്യതകൾ വർദ്ധിയ്ക്കും എന്നുമായിരുന്നു പ്രദേശവാസികളുടെ ധാരണ. എന്നാൽ ഇന്ന് ഈ പദ്ധതിയുടെ നടപടിക്രമങ്ങൾ ഏതുവരെ എത്തി എന്ന ചോദ്യത്തിന് ഗ്രാമ പഞ്ചായത്തുകൾക്ക് വ്യക്തമായ ഒരു മറുപടി നൽകുവാൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.