ഇടവ: ശക്തമായ കടൽക്ഷോഭത്തിൽ മത്സ്യബന്ധനബോട്ട് തകർന്നു. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ വെറ്റക്കട കടപ്പുറത്താണ് സംഭവം.
ഇടവാ മാന്തറ സ്വദേശി ആരിഫിന്റെ ഉടമസ്ഥതയിലുള്ള എൻജിൻ ഘടിപ്പിച്ച ബോട്ടാണ് ശക്തമായ കടൽക്ഷോഭത്താൽ തകർന്നത്. ആരിഫ്, അസ്ലംകുട്ടി, മുസ്ലിംകുട്ടി, സൈഫൽ, നിഷാദ് എന്നീ അഞ്ച് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. വെറ്റക്കട കടപ്പുറത്തുനിന്ന് കടലിലേക്ക് മത്സ്യബന്ധനത്തിന് പോകുന്നതിനിടയിൽ പെട്ടെന്നുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തകർന്ന് എൻജിന് കേടുപാടുകൾ സംഭവിക്കുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റുള്ളവരുടെ സഹായത്താൽ തകർന്ന ബോട്ട് കരയ്ക്കെത്തിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ ആരിഫ് പറഞ്ഞു.