അഞ്ചുതെങ്ങ് : മഹാകവി കുമാരൻ ആശാന്റെ ജന്മ നാടായ അഞ്ചുതെങ്ങിനെയും ദീര ദേശാഭിമാനി വക്കം ഖാദറിന്റെ നാടുമായ വക്കത്തിനെയും ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യത്തിലേക്ക്. വക്കം-കായിക്കര കടവ് പാലം കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമിക്കുന്നതിനു സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ നടക്കുന്നതായി മന്ത്രി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞു.ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി.സത്യന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. പാലം നിർമാണം ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഡി.പി.ആറും ആയി. ഭൂമി ഏറ്റെടുക്കുന്നതിനടക്കം 25 കോടിയാണ് ചെലവിടുക.
കായിക്കരക്കാരുടെ അൻപതോളം വർഷത്തെ വികസന സ്വപ്നമാണ് കായിക്കര കടവ് പാലം. അറ്റിങ്ങൽ നിന്ന് കായിക്കര വഴിയുള്ള യാത്ര കിലോമീറ്ററുകൾ ലാഭിക്കാൻ ഈ പാലം സഹായിക്കും. മാത്രവുമല്ല, തീരദേശമായതിനാൽ സുനാമി പോലുള്ള കടൽക്ഷോഭങ്ങൾ ഉണ്ടായാൽ ഈ പാലം ആയിരകണക്കിന് ജീവൻ രക്ഷപെടുത്താൻ പ്രയോജനകരമായിരിക്കും, മത്സ്യ വിപണനത്തിനും വളരെയേറെ ഗുണകരമായിരിക്കും. കൂടാതെ അഞ്ചുതെങ്ങു ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് ഒരു വലിയ അളവുവരെ ഈ പാലം ഗുണകരമാകുകയും ചെയ്യുമെന്ന് പ്രദേശവാസികൾ പറയുന്നു. പാലം നിർമാണം ജനങ്ങളുടെ സ്വപ്നമായി നിലനിൽക്കുന്നതായി കാണിച്ച് ജൂൺ 16നു “കായിക്കര പാലം ഓർമ്മയുണ്ടോ? ഇന്നും കാത്തിരിപപ്പുമായി ജനങ്ങൾ…” എന്ന തലക്കെട്ടിൽ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം വാർത്ത നൽകിയിരുന്നു.