കല്ലറ : ഭൂമികിട്ടിയാലുടൻ കല്ലറയിൽ 33 കെ വി സബ‌്സ‌്റ്റേഷൻ നിർമിക്കുമെന്ന‌് വൈദ്യുതി മന്ത്രി എം എം മണി നിയമസഭയിൽ അറിയിച്ചു. നിലവിൽ മൃഗസംരക്ഷണ വകുപ്പിന‌് കീഴിലുള്ള 30 സെന്റ‌് സ്ഥലം കണ്ടെത്തിയിട്ടുണ്ട‌്. ഇത‌് വിട്ടുകിട്ടിയിട്ടില്ല. സബ‌്സ‌്റ്റേഷന‌് അനുയോജ്യമായ സ്ഥലം കെഎസ‌്ഇബിക്ക‌് കണ്ടെത്താനാകാത്തതിനാലാണ‌് പഞ്ചായത്തിനെ സമീപിച്ചതെന്നും അദ്ദേഹം ഡി കെ മുരളിയുടെ സബ‌്മിഷന‌് മറുപടിയായി പറഞ്ഞു. കല്ലറയിലും പ്രാന്തപ്രദേശങ്ങളിലും വൈദ്യുതി ലഭിക്കുന്നത‌് കിളിമാനൂർ, പാലോട‌് മുതലായ സബ‌്സ‌്റ്റേഷനുകളിൽനിന്നാണ‌്. അതിനാൽ വൈദ്യുതി കൂടുതൽ ആവശ്യമുള്ള വേനലിൽ രൂക്ഷമായ വോൾട്ടേജ‌് ക്ഷാമവും മുടക്കവും നേരിടുന്നു. ഇതിന‌് ശാശ്വതമായ പരിഹാരമായാണ‌് കല്ലറയിൽ 33 കെവി സബ‌്സ‌്റ്റേഷൻ നിർമിക്കുന്നതെന്നും മന്ത്രി എം എം മണി പറഞ്ഞു.