ആറ്റിങ്ങൽ : ആറ്റിങ്ങൽ ബൈപാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് അടൂര്‍ പ്രകാശ് എം.പി ലോക്സഭയില്‍ ശൂന്യവേളയിലുന്നയിച്ച ആദ്യ സബ്മിഷനില്‍ ആവശ്യപ്പെട്ടു. നാഷണല്‍ ഹൈവേ 66 ൽ കഴക്കൂട്ടം – കടമ്പാട്ടുകോണം പ്രൊജക്ടിന്റെ ഭാഗമായ ആററിങ്ങല്‍ ബൈപാസ് മൂന്നു പതിറ്റാണ്ടായുള്ള ആവശ്യമാണ്. അന്തിമ വിജ്ഞാപന നടപടികൾ വൈകുന്നതാണ് പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തിന് കാരണം.
2018 ജൂണ്‍ മാസത്തില്‍ ഇറങ്ങിയ 3 എ വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം തീരുകയാണ്. അതിനു മുന്‍പായി 3 ഡി വിജ്ഞാപനം ഇറങ്ങുന്നില്ലെങ്കിൽ 3എ അസാധുവാകുന്ന അവസ്ഥയാണുള്ളത്.
മുന്‍പ് രണ്ടു തവണ സംഭവിച്ചതുപോലെ നടപടിക്രമങ്ങൾ ആദ്യം മുതല്‍ വീണ്ടും തുടങ്ങേണ്ടി വരും. പദ്ധതിയുടെ മുന്‍ഗണനാക്രമം പട്ടിക ഒന്നില്‍ നിന്നും മാറ്റിയതാണ് 3 ഡി വിജ്ഞാപനം വൈകുന്നതിന് കാരണം. ഈ പദ്ധതി പട്ടിക 1 ലേക്ക് മാറ്റി നടപടികള്‍ പൂര്‍ത്തിയാക്കി ബൈപാസ് നിര്‍മാണത്തിന് സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുണ്ടാവണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.