ആറ്റിങ്ങൽ : ആറ്റിങ്ങൽ കച്ചേരിനടയിൽ സ്കൂട്ടറിൽ പോയ അഭിഭാഷകനെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകൻ ഹെർത്തയ്ക്കാണ് പരിക്കേറ്റത്. വർക്കല – കല്ലമ്പലം – ആറ്റിങ്ങൽ – NES ബ്ലോക്ക് വഴി ചിറയിൻകീഴ് പോകുന്ന ശ്രീ ബാലസുബ്രമണ്യൻ എന്ന ബസ് ആണ് ആറ്റിങ്ങലിൽ നിന്ന് കല്ലമ്പലം പോകുന്ന വഴിക്ക് സ്കൂട്ടറിൽ യാത്ര ചെയ്ത ഹെർത്തയെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ അഭിഭാഷകൻ റോഡിലേക്ക് തെറിച്ചു വീണു, എന്നാൽ സ്കൂട്ടറും വലിച്ച് ബസ് കുറച്ചു മുന്നോട്ട് നീങ്ങിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അഭിഭാഷകൻ തെറിച്ചു വീണ ഭാഗത്തേക്ക് മറ്റു വാഹനങ്ങളോ അപകടക്കെണിയൊ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ അഭിഭാഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.