ആലംകോട് : ആലംകോട് – കടയ്ക്കാവൂർ റൂട്ടിൽ ഗുരുനാഗപ്പൻ കാവിനു സമീപമുള്ള വളവിൽ സ്വകാര്യ ബസ്സിൽ നിന്നും വിദ്യാർത്ഥിനി തെറിച്ചു റോഡിലേക്ക് വീണു. വിദ്യാർത്ഥിനിക്ക് പരിക്ക്. പെരുംകുളം, തൊട്ടിക്കല്ല് ദാറുൽ ഹാദിയയിൽ നസറുള്ള – ഷൈന ദമ്പതികളുടെ മകൾ സ്വാലിഹ(14)യ്ക്കാണ് പരിക്കേറ്റത്. കടുവയിൽ കെ.റ്റി.സി.റ്റി സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. രാവിലെ ടൂട്ടോറിയിൽ പോകാൻ തൊട്ടിക്കല്ലിന് സമീപം ഇസ്ലാം മുക്കിൽ നിന്നും സ്വകാര്യ ബസ്സിൽ കയറിയതാണ് വിദ്യാർത്ഥിനി. അതിന് മുൻപ് പോയ നിരവധി ബസ്സുകൾക്ക് കൈ കാണിച്ചിട്ടും നിർത്തിയില്ലെന്നും വിദ്യാർത്ഥിനി പറയുന്നു. ഒടുവിൽ നിർത്തിയ ബസ്സിൽ കയറിയപ്പോൾ നല്ല തിരക്കും ഉണ്ടായിരുന്നു. വിദ്യാർത്ഥിനി ബസ്സിന്റെ ഫുട്ബോർഡിൽ നിന്നും കയറി മുകളിൽ നിൽക്കുകയായിരുന്നു. എന്നാൽ ഗുരുനാഗപ്പൻ കാവിനു സമീപത്തെ വളവിൽ ഡോറും തുറന്നു വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കൈക്ക് പൊട്ടലുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഡോറിന്റെ കൊളുത്ത് വീണില്ലെന്നും മറ്റു യാത്രക്കാർ കൈകൊണ്ട് ഡോർ പിടിച്ചിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു. മാത്രമല്ല ബസ് നല്ല സ്പീഡിലായിരുന്നെന്നും പറയുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാരും വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിക്കാനും മറ്റും കൂടെ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.