അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം അഞ്ച് ദിവസം പിന്നിട്ടപ്പോൾ വിഴിഞ്ഞം കോവളത്ത് കണ്ടെത്തി. അഞ്ചുതെങ്ങ് കുന്നുപുറത്തു വീട്ടിൽ കാർലോസ് (48) നെയാണ് കഴിഞ്ഞ വ്യാഴാഴ്ച മത്സ്യ ബന്ധനത്തിനിടെ തിരിയിൽപ്പെട്ടുണ്ടായ അപകടത്തിൽ കാണാതായത്.
വ്യാഴാഴ്ച രാവിലെ ആറിന‌് അഞ്ചുതെങ്ങ് കുരിശടിക്ക് സമീപത്തു നിന്ന് ആറുപേരടങ്ങുന്ന ബോട്ടിലാണ് മത്സ്യബന്ധനത്തിന് ഇറങ്ങിയത്. ശക്തമായ തിരയടിയിൽ രണ്ടു പേർ വെള്ളത്തിൽ വീഴുകയും. ഒരാൾ നീന്തി കരയ്ക്കെത്തുകയുമായിരുന്നു.
മറൈൻ എൻഫോഴ്‌സ്‌മെൻ്റും അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും, കോസ്റ്റ് ഗാർഡ്, എന്നിവരടങ്ങിയ സംഘവും ഹെലികോപ്റ്ററിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അഞ്ചുതെങ്ങിൽ റോഡ് ഉപരോധം നടത്തിയിരുന്നു.
ഇന്നലെ വിഴിഞ്ഞത്തിനു സമീപം മത്സ്യബന്ധനത്തിലേർപ്പെട്ട മത്സ്യത്തോഴിലാളികളാണ് മൃതദേഹം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം ബന്ധുക്കളെ അറിയിക്കുകയും, ബന്ധുക്കളുടെ സംഘം വിഴിഞ്ഞം കോസ്റ്റ്ഗാർഡ്നെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം അഞ്ചുതെങ്ങ് സെന്റ് പീറ്റെഴ്സ് ദേവാലയത്തിൽ സംസ്‍കാര ചടങ്ങ്കൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.