പുല്ലമ്പാറ : ഹോമിയോ ആശുപത്രിയിലെ തെന്നുന്ന വഴി മാറ്റി പരിഹരിച്ചു. പുല്ലമ്പാറ ഹോമിയോ ആശുപത്രിയിൽ ആണ് പഞ്ചായത്ത് ഇടപെട്ടു പുതിയ വഴി തയ്യാറാക്കിയത്. സുരക്ഷിതമായി ഇറങ്ങാനുള്ള ലോഹംകൊണ്ടുള്ള വഴിയാണ് പണിതിരിക്കുന്നത്. അശാസ്ത്രീയമായ നിര്‍മാണംകൊണ്ട് അപകടക്കെണിയായി കിടന്ന വഴിയാണ് മാറ്റിയത്. റോഡ് ഉയരത്തില്‍ നിന്നും ഏറെ താഴെയുള്ള പരിശോധനാമുറിയിലേക്ക് ഇറങ്ങാന്‍ നല്ല ചരിവുള്ള വഴിയാണ് പണിതത്. ഇതില്‍ മിനുസമുള്ള തറയോടുകൂടി ഇട്ടതോടെ ആളുകള്‍ക്ക് നടന്നിറങ്ങാന്‍ പ്രയാസമായിരുന്നു. ജൂണ്‍ ആദ്യ ആഴ്ച ഇവിടത്തെ ഡോക്ടര്‍ ഈ വഴിയില്‍ തെന്നിവീണ് കാലൊടിഞ്ഞു. അതിനെത്തുടര്‍ന്നാണ് പുല്ലമ്പാറ പഞ്ചായത്ത് മറ്റൊരു ഭാഗത്ത് ഇരുമ്പ് ഗോവണി പണിതത്. ഇരുവശത്തും പിടിച്ചിറങ്ങാന്‍ ലോഹ കൈവരിയും പണിതിട്ടുണ്ട്. ഗോവണിയുടെ ഇടയ്ക്ക് ആള്‍ക്കാര്‍ക്ക് നില്‍ക്കാനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. ഇതിനൊപ്പംതന്നെ അപകടകരമായിക്കിടക്കുന്ന വഴി പുതുക്കിപ്പണിയാനും പഞ്ചായത്ത് രൂപരേഖ തയ്യാറാക്കും. ഹോമിയോ ആശുപത്രിയുടെ മുകളില്‍ ഒരുനിലകൂടി കെട്ടി പരിശോധനാമുറി റോഡുനിരപ്പിലുള്ള സ്ഥലത്താക്കുന്നതിനും ശ്രമമാരംഭിച്ചു.