ആറ്റിങ്ങൽ : മാമം നാളികേര കോംപ്ലക‌്സിനെ പഴയ പ്രതാപത്തിലേക്ക‌് ഉയർത്തുമെന്ന‌് കൃഷി മന്ത്രി വി എസ‌് സുനിൽകുമാർ പറഞ്ഞു. നിയമസഭയിൽ ബി സത്യന്റെ ചോദ്യത്തിന‌് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ അഭിമാന സ്ഥാപനമാണ് മാമം നാളികേര കോംപ്ലക്‌സ‌്. പ്രവർത്തനം വിപുലപ്പെടുത്തി കോംപ്ലക‌്സിന്റെ വികസനം ഉറപ്പുവരുത്തും. സംസ്ഥാന നാളികേര വികസന കോർപറേഷന്റെ കീഴിലാണ‌് മാമത്തെ നാളികേര കോംപ്ലക്സ് തുടങ്ങിയത്. നാളികേര വികസന കോർപറേഷൻ തകർച്ചയിലേക്ക‌് നീങ്ങിയപ്പോൾ അതിന്റെ ഭാഗമായി കോംപ്ലക‌്സും അടച്ചുപൂട്ടി. കോംപ്ലക‌്സിന്റെ വികസനത്തിനാവശ്യമായ എല്ലാ നടപടികളും ഈ സർക്കാരിന്റെ ഭാഗത്തുണ്ടാവുമെന്നും മന്ത്രി വി എസ‌് സുനിൽകുമാർ പറഞ്ഞു.