ആലംകോട് : കഴിഞ്ഞ ദിവസം ആലംകോടിനു സമീപം ഗുരുനാഗപ്പൻകാവിൽ വെച്ച് സ്വകാര്യ ബസ്സിൽ നിന്നും വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ ബന്ധുക്കൾ ആറ്റിങ്ങൽ പോലീസിനും ആർ.ടി.ഒയ്ക്കും പരാതി നൽകി.
കഴിഞ്ഞ ദിവസം രാവിലെ 6:50നാണ് സംഭവം. പെരുംകുളം, തൊട്ടിക്കല്ല് ദാറുൽ ഹാദിയയിൽ നസറുള്ള – ഷൈന ദമ്പതികളുടെ മകൾ സ്വാലിഹ(14)യ്ക്കാണ് പരിക്കേറ്റത്. കടുവയിൽ കെ.റ്റി.സി.റ്റി സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥിനിയാണ്.
രാവിലെ ടൂട്ടോറിയിൽ പോകാൻ തൊട്ടിക്കല്ലിന് സമീപം ഇസ്ലാം മുക്കിൽ നിന്നും സ്വകാര്യ ബസ്സിൽ കയറിയതാണ് വിദ്യാർത്ഥിനി. വിദ്യാർത്ഥിനി ബസ്സിന്റെ കമ്പിയിൽ പിടിച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഗുരുനാഗപ്പൻ കാവിനു സമീപത്തെ വളവിൽ ഡോറും തുറന്നു വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. നിലവിൽ ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിനിക്ക് ഒരു സർജറിയും കഴിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പൊലീസ് സി.ഐയ്ക്കും ആർ.ടി.ഒ യ്ക്കും പരാതി നൽകി. കടയ്ക്കാവൂർ ആറ്റിങ്ങൽ വെഞ്ഞാറമൂട് റൂട്ടിൽ സർവീസ് നടത്തുന്ന നിജു (ടി.പി ഓടുന്ന ) ശ്രുതി എന്ന ബസ്സിലാണ് വിദ്യാർത്ഥിനിക്ക് ഈ അപകടം സംഭവിച്ചതെന്നും ഡോറിന്റെ ലോക്ക് നേരെ വീഴാത്തതും അമിത വേഗതയുമാണ് അപകടത്തിന് കരണമെന്നുമാണ് പരാതിയിൽ പറയുന്നത്. മാത്രമല്ല ഇസ്ലാം മുക്ക് ജംഗ്ഷനിൽ വിദ്യാർത്ഥികൾ നിന്നാൽ സ്വകാര്യ ബസ്സുകൾ നിർത്താറില്ലെന്നും അതുകാരണം സ്കൂൾ, ടൂട്ടോറികളിൽ കൃത്യ സമയത്ത് എത്താൻ കഴിയുന്നില്ലെന്നും ആർ.ടി.ഒയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. മാത്രമല്ല ബസ്സുകളുടെ അമിത വേഗത നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.