വർക്കല: ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിലും പരിസരത്തുമായി വനിത പൊലീസ്, ഷാഡോ, മഫ്തി എന്നിങ്ങനെ ആയിരത്തോളം പൊലീസുകാരെ വിന്യസിക്കുമെന്നും 29 മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും വർക്കല ഡിവൈഎസ്പി പി നിയാസ്.
ഡിസംബർ 29 മുതൽ ജനുവരി ഒന്നുവരെ ശിവഗിരി മഠം ജങ്ഷനില്‍നിന്നും ഗുരുകുലം ജംഗ്ഷനില്‍നിന്നും ശിവഗിരിയിലേക്ക് പാസുള്ള വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂ. കല്ലമ്പലത്തുനിന്ന് വരുന്ന തീര്‍ഥാടന വാഹനങ്ങള്‍ നരിക്കല്ലുമുക്ക്, പാലച്ചിറയിൽനിന്ന് തിരിഞ്ഞ് വട്ടപ്ലാമൂട് ജംഗ്ഷനില്‍ തീര്‍ഥാടകരെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങള്‍ ശിവഗിരി ഹൈ സ്കൂള്‍, നഴ്സിങ് കോളേജ്, കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് ഗ്രൗണ്ടിലും വലിയ വാഹനങ്ങള്‍ എസ് എൻ സെന്‍ട്രല്‍ സ്കൂള്‍, എസ് എൻ കോളേജ് എന്നീ ഗ്രൗണ്ടുകളിലും നിർത്തിയിടണം.
അഞ്ചുതെങ്ങ്,- കടയ്ക്കാവൂര്‍ ഭാഗത്തുനിന്നും വരുന്നവർ മരക്കടമുക്ക്, പാലച്ചിറ വഴി ഗുരുകുലം ജംഗ്ഷനിലും കൊല്ലം ഭാഗത്തുനിന്നും പാരിപ്പള്ളി വഴിയും കാപ്പില്‍ വഴിയും വരുന്ന വാഹനങ്ങള്‍ അയിരൂര്‍, നടയറ വഴി എസ് എൻ കോളേജ് ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങള്‍ നിശ്ചിത സ്ഥലങ്ങളിൽ നിർത്തിയിടണം.
വര്‍ക്കല മൈതാനത്ത് എത്തുന്ന വാഹനങ്ങള്‍ ആളെ ഇറക്കിയശേഷം ചെറിയ വാഹനങ്ങള്‍ മൈതാനം ധന്യ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലും പെരുംകുളം പാര്‍ക്കിങ് ഏരിയയിലും വലിയ വാഹനങ്ങള്‍ വര്‍ക്കല സ്വകാര്യബസ് സ്റ്റാൻഡ് ഗ്രൗണ്ടിലും നിർത്തിയിടണം. സ്റ്റാര്‍ തിയറ്റര്‍ ഭാഗത്തുനിന്നും ഗുഡ് ഷെഡ് റോഡ് വഴി വാഹനങ്ങള്‍ കടത്തി വിടില്ല.
ഗുരുകുലം ജംഗ്ഷൻ മുതല്‍ ശിവഗിരി ആല്‍ത്തറമൂട് വരെയും മഠം ജംഗ്ഷൻ മുതല്‍ ശിവഗിരി ആല്‍ത്തറമൂട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഇടറോഡുകളിലും പാര്‍ക്കിങ് അനുവദിക്കില്ല. വഴിയോര കച്ചവടം, ഭിക്ഷാടനം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.