Search
Close this search box.

പ്രളയ-ഉരുള്‍പൊട്ടല്‍ സാധ്യത: തയ്യാറെടുപ്പുകള്‍ വിലയിരുത്തി ജില്ലയില്‍ മോക്ക്ഡ്രില്‍

IMG-20221229-WA0048

സമയം രാവിലെ 9 മണി. നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍, ചിറയിന്‍കീഴിലെ കീഴാറ്റിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഫയര്‍ എഞ്ചിന്‍ ചീറിപ്പായുന്നു. നദിയില്‍ ഒഴുക്കില്‍പെട്ട ആളുകളെ നിമിഷനേരം കൊണ്ട് കരയ്‌ക്കെത്തിക്കുന്നു. പ്രദേശവാസികളില്‍ അമ്പരപ്പും കൗതുകവും.

സമയം രാവിലെ 9.37, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ആറാട്ട് വഴി ബീച്ചിലേക്ക് സൈറണ്‍ മുഴക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ ഫയര്‍ ടെന്‍ഡര്‍, പൊലീസ് ജീപ്പുകള്‍ എന്നിവ പാഞ്ഞെത്തി. തൊട്ടുപിന്നാലെ ആംബുലന്‍സുകളുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രളയ-ഉരുള്‍പൊട്ടല്‍ സാധ്യത തയാറെടുപ്പുകളുടെ ഭാഗമായുള്ള മോക്ഡ്രില്ലിലെ കാഴ്ചകള്‍ ഇങ്ങനെയായിരുന്നു.

ദേശീയദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെമ്പാടും നടന്ന മോക് ഡ്രില്ലിന്റെ ഭാഗമായി ജില്ലയില്‍ വിവിധ താലൂക്കുകളിലായി അഞ്ച് പഞ്ചായത്തുകളിലാണ് സാങ്കല്‍പിക പ്രളയ സാഹചര്യം സൃഷ്ടിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്. തിരുവനന്തപുരം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അതിതീവ്ര മഴയും റെഡ് അലര്‍ട്ടും പ്രഖ്യാപിക്കപ്പെട്ട സാഹചര്യം സൃഷ്ടിച്ചാണ് മോക് ഡ്രില്‍ നടത്തിയത്. ചെങ്കല്‍, പൂവച്ചല്‍, വെള്ളനാട്, കടയ്ക്കാവൂര്‍, കഠിനംകുളം എന്നീ പഞ്ചായത്തുകളിലാണ് മോക് ഡ്രില്‍ നടന്നത്. കഠിനംകുളത്ത് എയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനവും നടന്നു. നെയ്യാറ്റിന്‍കര ചെങ്കല്‍ പഞ്ചായത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ പങ്കാളിത്തവുമുണ്ടായിരുന്നു.

ജില്ലയില്‍ പ്രളയ സമാനസാഹചര്യമുണ്ടായാല്‍ ദുരന്തനിവാരണ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം.

താലൂക്ക് തലങ്ങളിലും ജില്ലാ തലത്തിലും രൂപീകരിച്ച ദുരന്ത പ്രതികരണ സേനയുടെ (ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം) ഇന്‍സിഡന്റ് കമാന്‍ഡ് പോസ്റ്റ്, എമര്‍ജന്‍സ് ഓപ്പറേഷന്‍ സെന്ററുകള്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ജില്ലാ തലത്തില്‍ ജില്ലാ കളക്ടറുടെ ചുമതല വിഹിക്കുന്ന എഡിഎം അനില്‍ ജോസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി. ജയമോഹന്‍ എന്നിവരുടെ നേതൃത്വത്തിലും താലൂക്ക് തലങ്ങളില്‍ വിവിധ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

താലൂക്ക് തലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, ആംബുലന്‍സുകള്‍, ആശുപത്രി സൗകര്യം തുടങ്ങിയവ മോക് ഡ്രില്ലിന്റെ ഭാഗമായി സജ്ജമാക്കിയിരുന്നു. കളക്ടറേറ്റില്‍ സജ്ജമാക്കിയ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതിനിധി നിരീക്ഷകനായി എത്തിയിരുന്നു. മോക്ഡ്രില്‍ സംഘടിപ്പിച്ച കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷകന്‍ സന്ദര്‍ശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!