ആറ്റിങ്ങൽ : ഭക്ഷ്യ വിഷ ബാധയേറ്റ് മനുഷ്യ ജീവനുകൾ നഷ്ടമാകുന്ന സംഭവങ്ങൾ കേരളത്തിൽ തുടർക്കഥയാകുമ്പോഴും അധിക ലാഭം മുന്നിൽ കണ്ട് ജനങ്ങളുടെ പണം വാങ്ങി അവർക്ക് പഴകിയ ഭക്ഷണം നൽകി അവരെ രോഗികൾ ആക്കുന്ന ഹോട്ടലുളുകൾക്ക് എതിരെ നടപടി. ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗര പരിധിയിലെ 12 ഓളം ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ 5 സ്ഥലങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
ആറ്റിങ്ങൽ ചെറുവള്ളിമുക്കിൽ പ്രവർത്തിക്കുന്ന ക്യാപ്സികം റെസ്റ്റാറന്റ്, ആറ്റിങ്ങൽ ആപ്പിൾ റെസ്റ്റാറന്റ്, സീന തട്ടുകട, തുളസി ഹോട്ടൽ, താലൂക്ക് കാന്റീൻ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. രുചിപ്പെരുമ അവകാശപ്പെടുന്ന ഈ ഹോട്ടലുകൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഇവിടെ നിന്ന് പിടിച്ചെടുത്ത ഭക്ഷണങ്ങൾ കാണുമ്പോൾ തന്നെ മനസ്സിലാവും. പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകൾക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. നഗര പരിധിയിൽ പരിശോധന കർശനമായി തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേ സമയം, നഗരസഭ പിടിച്ചെടുത്ത ഭക്ഷണം ഏതൊക്കെ ഹോട്ടലുകളിൽ നിന്നാണെന്ന് ബോർഡ് സ്ഥാപിക്കാത്തത് നാട്ടുകാരിൽ അമർഷം ഉളവാക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽ ബോർഡ് സ്ഥാപിക്കുന്നത് കൊണ്ട് തന്നെ എന്തൊക്കെയാണ് ഓരോ ഹോട്ടലുകളിൽ നിന്നും പിടികൂടുന്നതെന്ന് ആളുകൾക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു. ഇതിപ്പോൾ പരിശോധന നടത്തിയെന്ന് പേര് കേൾപ്പിക്കാൻ എന്തോ കാട്ടികൂട്ടുന്നത് പോലെയാണ് എന്നാണ് ആരോപണം.