Search
Close this search box.

ശ്രദ്ധിക്കുക -അഴൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പക്ഷികളെ കൊല്ലും

IMG-20230107-WA0041

തിരുവനന്തപുരം ജില്ലയിലെ അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ പക്ഷികളെ കൊന്നു തുടങ്ങും.

കഴിഞ്ഞ ദിവസം ഭോപ്പാലിലെ എൻ.ഐ. എച്ച്.എസ്. എ. ഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം
സ്ഥിരീകരിച്ചത്.

പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷൻ വാർഡി (വാർഡ് 15) ന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളായ റെയിൽവേ സ്റ്റേഷൻ വാർഡ് (വാർഡ് 17) പൂർണമായും, പഞ്ചായത്ത് ഓഫീസ് വാർഡ് (വാർഡ് 16), കൃഷ്ണപുരം വാർഡ് ( വാർഡ് 7 ), അക്കരവിള വാർഡ് (വാർഡ് 14), നാലുമുക്ക് (വാർഡ് 12) കൊട്ടാരം തുരുത്ത് (വാർഡ് 18) എന്നീ വാർഡുകൾ ഭാഗികമായി ഉൾപ്പെട്ട പ്രദേശങ്ങളിലെ മുഴുവൻ കോഴി, താറാവ്, മറ്റു അരുമ പക്ഷികൾ എന്നിവയെ കൊന്ന്, മുട്ട , ഇറച്ചി, കാഷ്ഠം (വളം ) തീറ്റ എന്നിവയും കത്തിച്ച് നശിപ്പിക്കും.

ഒരു കിലോമീറ്ററിന് ചുറ്റുമുള്ള ഒൻപത് കിലോമീറ്ററിൽ ഉൾപ്പെടുന്ന കിഴുവിലം, കടക്കാവൂർ കീഴാറ്റിങ്ങൽ ചിറയിൻകീഴ് , മംഗലപുരം, അണ്ടൂർകോണം, പോത്തൻകോട് എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം (വാർഡ് 1 ), ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി പ്രദേശം എന്നിവയും ഉൾപ്പെടുന്ന സർവൈലൻസ് സോണിന്റെ പരിധിയിൽ നിന്നും പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികൾ എന്നിവയുടെ കൈമാറ്റം, കടത്ത്,വിൽപ്പന എന്നിവ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു .

ഈ പഞ്ചായത്തുകളിൽ നിന്നും പുറത്തേക്ക് മുട്ട, ഇറച്ചി,വളം,തീറ്റ എന്നിവയുടെ വില്പന,നീക്കം എന്നിവയ്ക്കും മൂന്നു മാസത്തേക്ക് നിരോധനം ഉണ്ടായിരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമുകൾ തിങ്കളാഴ്ച മുതൽ പക്ഷികളെ കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും വളർത്തു പക്ഷികളിൽ അസ്വാഭാവികമായി കൂട്ടമരണം സംഭവിക്കുന്ന സാഹചര്യങ്ങളിൽ ആ വിവരം അടുത്തുള്ള മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും മൃഗസംരക്ഷണ ഓഫീസറും അറിയിച്ചു.

പക്ഷിപ്പനി രോഗബാധയുടെ പശ്ചാത്തലത്തിൽ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിക്കുന്ന ജാഗ്രതാനിർദ്ദേശം

_ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും_

1. ചത്ത പക്ഷികളെയും രോഗം ബാധിച്ചവയെയോ ദേശാടനക്കിളികളെയോ ഇവയുടെയൊക്കെ കാഷ്ടമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനുമുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.

2. രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾകൈയുറയും മാസ്കും നിർബന്ധമായും ധരിക്കേണ്ടതാണ്.

3. കോഴികളുടെ മാംസം (പച്ചമാംസം ) കൈകാര്യം ചെയ്യുന്നതിന് മുൻപും പിൻപും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.

4. നന്നായി പാകം ചെയ്ത മാംസവും മുട്ടയും മാത്രമേ ഉപയോഗിക്കാവൂ.

5. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാംവിധം പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് സ്ഥാപനത്തിൽ അറിയിക്കുക.

6. പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപ്പെടുക.

7. വ്യക്തി ശുചിത്വം കൃത്യമായി പാലിക്കുക.

8. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

9. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

10. ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്സൈഡ് ലായനി,പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ,കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്.

11. നിരീക്ഷണ മേഖലയിൽ പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിർബ്ബന്ധമായും അറിയിക്കേണ്ടതാണ്.

_ചെയ്തുകൂടാത്തത്_

1. ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെ യോ ദേശാടനക്കിളികളുടേയോ അവയുടെ കാഷ്ടമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.

2. പകുതി വേവിച്ച മുട്ടകൾ കഴിക്കരുത് (ബുൾസ് ഐപോലുള്ളവ)

3. പകുതി വേവിച്ച മാംസം കഴിക്കരുത്.

4. രോഗബാധയുള്ള പക്ഷികൾ ഉള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തു നിന്നുംപക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!