വർക്കല :വർക്കലയിൽ തുരുമ്പെടുത്ത ബസ്സിൽ വളർന്ന് വലുതായ മരം റോഡിലേക്ക് പതിച്ചു. ഇന്ന് രാവിലെ വർക്കല പാലച്ചിറക്കും വട്ടപ്ലാംമൂടിനുമിടയ്ക്ക് നടുറോഡിലേക്കാണ് മരം വീണത്.
വളരെ കാലമായി റോഡരികിൽ ഉപേക്ഷിച്ചു കിടക്കുന്ന തുരുമ്പെടുത്ത ബസ്സിൽ വളർന്ന് വലുതായ മരമാണിത്. അപായ സൂചകമായ ഈ ബസ്സുൾപ്പെടെയുള്ളവ മാറ്റുന്നതിന് ബന്ധപ്പെട്ട അധികാരികളെ പലപ്പോഴും നഗരസഭ അറിയിച്ചെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഏറ്റവും ഒടുവിൽ നടന്ന താലൂക്ക് സഭയിലും ഈ വിഷയം ചർച്ച ചെയ്യുകയും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരികയും ചെയ്തിരുന്നു.
റോഡരികിൽ അപകടകരമായ രീതിയിൽ പല വിധ വസ്തുക്കളും കൊണ്ടുവന്ന് നിക്ഷേപിച്ച് ഗതാഗത സുരക്ഷയ്ക്കു ഭീഷണിയാകുന്നുണ്ട്. ഇനിയെങ്കിലും അധികൃതർ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. റോഡിലേക്ക് വീണ മരം വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി മുറിച്ച് മാറ്റി.