ആറ്റിങ്ങൽ: ആറ്റിങ്ങൽ വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയിൽ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചു. സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് ഈ സൗജന്യ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി സത്യസായി ട്രസ്റ്റ് ഒരു കോടി മുതൽമുടക്കുമെന്നാണ് വിവരം. ട്രസ്റ്റിന്റെ പത്താമത് സൗജന്യ ഡയാലിസിസ് കേന്ദ്രം കൂടിയാണിത്.
2050 സ്ക്വയർ ഫീറ്റ് കെട്ടിടം, 40 മീറ്റർ റാമ്പ്, 4 ഡയാലിസിസ് മെഷീനുകൾ, ആർ.ഒ പ്ലാന്റ് തുടങ്ങിയവ ഈ പദ്ധതിപ്രകാരം ഒരുക്കും. ഇതുസംബന്ധിച്ച വ്യവസ്ഥകൾ ആറ്റിങ്ങൽ മുനിസിപ്പൽ ഓഫീസിൽ വച്ച് നഗരസഭാ ചെയർമാൻ എം .പ്രദീപും സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറും ഒപ്പുവച്ചു.