വർക്കല : വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ ടാങ്ക് പൊളിക്കുന്നതിനിടയിൽ കാലിന് പരിക്കേറ്റ് അതിഥി തൊഴിലാളി ബോധരഹിതനായി. വെസ്റ്റ് ബംഗാൾ സ്വദേശിയായ വിപ്ലവ വർമനാ(36)ണ് പരിക്കേറ്റു ബോധരഹിതനായത്. വർക്കല ഫയർ ആൻഡ് റെസ്ക്യു ടീം സ്ഥലത്തെത്തി ഇദ്ദേഹത്തെ രക്ഷപ്പെടുത്തി.
ഇടവ വെൺകുളം ശാസ്താംനടയിൽ വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള അൻപത് അടി പൊക്കവും ഇരുപത്തഞ്ചടി യോളം വ്യാസവുമുള്ള കൂറ്റൻ വാട്ടർടാങ്ക് പൊളിക്കുന്നതിനിടയിൽ അതിഥി തൊഴിലാളിക്ക് കാലിനു പരിക്കുപറ്റുകയും തുടർന്ന് ബോധരഹിതനാവുകയും ചെയ്തത്.
ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യു ടീം ടാങ്കിനു മുകളിൽ നിന്നും നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ വളരെ സഹാസപ്പെട്ട് ആണ് ഇദ്ദേഹത്തെ രക്ഷിച്ചത്. പരിക്കേറ്റ
വിപ്ലവ വർമനെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.
ഫയർ ആൻഡ് റെസ്ക്യു വർക്കല സ്റ്റേഷൻ ഓഫീസർ അരുൺ മോഹൻ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായർ, എം. അനിരുദ്ധൻ, ഫയർ ഓഫീസർമാരായ വിപിൻ, രാംലാൽ, നൗഷാദ്, നജീം, മുരളീധരൻ പിള്ള എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാലപ്പഴക്കം കൊണ്ട് ബാലക്ഷയം സംഭവിച്ച വാട്ടർ ടാങ്ക് പൊളിക്കുന്നതിന് വാട്ടർ അതോറിറ്റി കരാറുകാരനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
ഇത്തരം ടാങ്കുകൾ പൊളിക്കുമ്പോൾ മതിയായ സുരക്ഷ ഒരുക്കേണ്ടതാണെന്ന് ഫയർഫോഴ്‌സ് കരാറുകാരന് നിർദ്ദേശം നൽകി.