Search
Close this search box.

മൊബെെൽ ഫോൺ ഉപയോഗം, കുട്ടികളുടെ ബാഗ് പരിശോധന, ബാലാവകാശ കമ്മീഷന്റെ ഉത്തരവുകൾ ​ഗുണകരമാകില്ല : കെപിഎസ്ടിഎ

ei1MLQB83517

തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ബാ​ഗ് അധ്യാപകർ പരിശോധിക്കരുതെന്നും, മൊബെെൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കാമെന്നുമുള്ള ബാലാവകാശ കമ്മീഷന്റെ ഉത്തരവ് കുട്ടികൾക്ക് ​ഗുണകരമാകില്ലെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.

ലഹരിമരുന്ന് മാഫിയ ഉൾപ്പെടെ സ്കൂൾ കുട്ടികളെ ലഹരി വിതരണത്തിന് ഉപയോ​ഗിക്കുന്നുവെന്നും സ്കൂൾ കുട്ടികളിൽ ചിലർ അത് ഉപയോഗിക്കുന്നു എന്നും, മൊബൈൽ ഫോൺ വഴി ലഹരി മാഫിയ നിർദ്ദേശങ്ങൾ കൈമാറുന്നുമെന്ന പോലീസിൻ്റെ ആധികാരിക റിപ്പോർട്ടുകൾ പുറത്തുവരുന്ന ഇക്കാലത്ത് ബാലാവകാശ കമ്മീഷന് ഇത്തരമൊരു വിധി പുറപ്പെടുവിച്ചത് ആശ്ചര്യകരമെന്നും ഇത് വിദ്യാലയങ്ങളിലെ സമാധാന അന്തരീക്ഷം തകരുമെന്നും കെപിഎസ്ടിഎ ചൂണ്ടിക്കാട്ടി.

സ്കൂൾ കുട്ടികളുടെ അറിവില്ലായ്മയേയും നിഷ്കളങ്കതയേയും ബാല്യത്തിന്റെ സാഹസികതയുമെല്ലാം മാഫിയാക്കാർ ചൂഷണം ചെയ്യാൻ സാധ്യതയുണ്ട്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും അകന്നു നിൽക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം സ്കൂളിലെത്തിയാൽ അധ്യാപകർ കയ്യോടെ പിടികൂടും എന്ന ചിന്തയാണ്. ആ ചിന്തകൾ കൂടി ഇല്ലാതാക്കാനും കുട്ടികളെ അച്ചടക്ക വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടാനും മാത്രമേ ബാലാവകാശ കമ്മീഷന്റെ ഈ വിധിയിലൂടെ സാധിക്കൂവെന്നും അധ്യാപകർ ആശങ്കപ്പെടുന്നു.

വർത്തമാനകാല സാഹചര്യങ്ങളെ മനസ്സിലാക്കാതെയാണ് ബാലാവകാശ കമ്മീഷൻ ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. സ്കൂളിലെ അധ്യാപകർ കുട്ടികളുടെ ശത്രുക്കളല്ല. അവരെ ഉപദേശിക്കുന്നതും ശാസിക്കുന്നതും ശിക്ഷിക്കുന്നതും നല്ല പൗരന്മാരായി അവരെ വാർത്തെടുക്കാൻ വേണ്ടിയാണ്. ഈ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് കെപിഎസ്ടിഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗം സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രാജ്മോഹൻ, സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ്, ജില്ലാ സെക്രട്ടറി എൻ. സാബു, ജില്ലാ ട്രഷറർ എ.ആർ. ഷമിം എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!