ചെക്കാലവിളാകം പൊതു മാർക്കറ്റ് നവീകരണം എങ്ങുമെത്തിയില്ല.

IMG-20230119-WA0012

കടയ്ക്കാവൂർ ചെക്കാലവിളാകം മാർക്കറ്റ് പ്രവർത്തനരഹിതമായി മാസങ്ങൾ പിന്നിട്ടിട്ടും നവീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. ആധുനികരീതിയിൽ ചെക്കാലവിളാകം മാർക്കറ്റ് നവീകരിക്കുമെന്ന വാഗ്ദാനം നൽകി കച്ചവടക്കാരെ ഒഴിപ്പിച്ചിട്ട് എട്ടുമാസം പിന്നിട്ടിട്ടും യാതൊരു നിർമാണവും തുടങ്ങുവാൻ അധികൃതർക്ക് സാധിച്ചിട്ടില്ലെന്നാണ് ആരോപണം.ഇതുസംബന്ധിച്ച പരാതി എംഎൽഎ വി ശശി ഉൾപ്പെടെയുള്ളവർക്ക് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം, ചിറയിൻകീഴ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നു നിരവധി ആളുകളാണ് ദിനംപ്രതി ഇവിടെ സാധനങ്ങൾ വാങ്ങാനെത്തിയിരുന്നത്. മുപ്പതോളം കടമുറികളും മത്സ്യവിപണന കേന്ദ്രവും ചെറുകിട വ്യാപാരങ്ങൾക്കുമായി നൂറോളം പേരാണ് ചന്തയിൽ കച്ചവടത്തിനായിയെത്തിയിരുന്നത്.

കിഫ്ബിയിൽനിന്ന്‌ 2.65 കോടി രൂപയാണ് ചന്ത നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. ബലക്ഷയം വന്നതുൾപ്പെടെയുള്ള മുഴുവൻ പഴയകെട്ടിടങ്ങളും പൊളിച്ച് പുതിയവ നിർമിക്കുന്നതിനായി കഴിഞ്ഞ ജൂൺ 15-നാണ് കച്ചവടക്കാരെ മുഴുവൻ ചന്തയിൽനിന്ന്‌ ഒഴിപ്പിച്ചത്. ചന്ത ഒഴിപ്പിച്ചതോടെ ചന്തയ്ക്കു മുന്നിലുള്ള റോഡിന്റെ വശങ്ങളിലിരുന്നാണ് ഇവരിപ്പോൾ കച്ചവടം ചെയ്യുന്നത്.

ബസ് സർവീസ് ഉൾപ്പെടെയുള്ള നിരവധി വലിയ വാഹനങ്ങൾ കടന്നുപോകുന്ന ഇടുങ്ങിയ റോഡിലെ കച്ചവടം പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ചന്ത ഒഴിപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കച്ചവടം നടത്തുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കുവാൻ അധികാരികൾക്കായിട്ടില്ലെന്നാണ് പരാതി ഉയരുന്നത്.

ചന്ത ഒഴിപ്പിച്ചതോടെ വാടകയിനത്തിൽ ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്തിന് നഷ്ടമായികൊണ്ടിരിക്കുന്നത്. ചന്ത ആധുനികീകരിച്ച് പൊതു മാർക്കറ്റായി മാറ്റുമെന്ന് നോട്ടീസ് നൽകിയാണ് വ്യാപാരികളെ ഒഴിപ്പിച്ചത്. എന്നാൽ ചന്ത മത്സ്യമാർക്കറ്റായി നവീകരിക്കാൻ പോകുന്നുവെന്ന രീതിയിൽ പഞ്ചായത്തിന്റേതെന്ന പേരിൽ ഒപ്പോ സീലോ ഇല്ലാത്ത നോട്ടീസ് ചന്തയിൽ പതിച്ചിട്ടുണ്ട്. ഇത് മറ്റുകച്ചവടക്കാരെ ആശങ്കയിലാക്കുന്നുണ്ട്.

മുതലപ്പൊഴിയിൽനിന്നുള്ള മത്സ്യത്തിന്റെ പ്രധാന വിപണനകേന്ദ്രങ്ങളിലൊന്നാണ് ചെക്കാലവിളാകം ചന്ത. അതുകൊണ്ടുതന്നെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽനിന്നായി മത്സ്യം വാങ്ങുന്നതിനായി ധാരാളമാളുകൾ ഇവിടെയെത്തിയിരുന്നു.

ചന്തയില്ലാതായതോടെ ഇവിടേക്കെത്തിയിരുന്ന ആളുകളുടെ എണ്ണം വളരെ കുറഞ്ഞു. ഇതു മത്സ്യക്കച്ചവടത്തെ ബാധിച്ചതോടെ മത്സ്യത്തൊഴിലാളികളിപ്പോൾ മറ്റു പലയിടങ്ങളിലാണ് കച്ചവടം ചെയ്യുന്നത്.

ചന്തയിൽ ആളുകളെത്താതായത് പച്ചക്കറിയുൾപ്പെടെയുള്ളവയുടെ കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്. ഇനി നവീകരണപ്രവർത്തനങ്ങൾ തുടങ്ങിയാൽത്തന്നെ എത്രകാലംകൊണ്ട് പൂർത്തിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. എത്രയുംവേഗം നവീകരണപ്രവർത്തനങ്ങൾ തുടങ്ങണമെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!