സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നുവെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍. കഴിഞ്ഞ ആറര വര്‍ഷത്തെ ഇടപെടല്‍ സ്കൂളുകളില്‍ വലിയ മാറ്റമുണ്ടാക്കിയതായും പതിനൊന്നര ലക്ഷം വിദ്യാര്‍ഥികള്‍ പുതുതായി സര്‍ക്കാര്‍ സ്കൂളുകളിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു. വട്ടപ്പാറ ഗവണ്മെന്റ് എല്‍.എം.എ എല്‍.പി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മുൻ എം.എൽ.എ സി. ദിവാകരന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിതത്. മൂന്ന് ക്ലാസ് മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളില്‍ നിലവില്‍ ഇരുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്.
പരിപാടിയില്‍ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര് മറ്റ് രാഷ്ട്രീയപ്രവര്‍ത്തകർ
തുടങ്ങിയവര്‍ പങ്കെടുത്തു.