Search
Close this search box.

എക്സ്​റേ മെഷീൻ തട്ടി പെൺകുട്ടിക്ക് പരിക്കേറ്റ സംഭവം :അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

eiV6RNM9771

ചിറയിൻകീഴ്: വായിൽ മീൻമുള്ള് കൊണ്ട് സർക്കാർ ആശുപത്രിയിൽ എത്തിയ പെൺകുട്ടി എക്സ്​റേ എടുക്കുന്നതിനിടെ മെഷീൻ തട്ടി പരിക്കേറ്റ സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യ ആണ് നടുവൊടിഞ്ഞ്​ ചികിത്സയിലായത്​.ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം.
മീൻമുള്ള്​ കുടുങ്ങിയ അസ്വസ്ഥതയുമായി ആശുപത്രിയിൽ ഇ.എൻ.ടി ഡോക്ടറെ കണ്ടപ്പോൾ എക്സ്​റേ എടുക്കാൻ നിർദേശിച്ചു. എക്സ്​റേ എടുക്കവെ മെഷീന്‍റെ ഒരു ഭാഗം നടുവിന്‍റെ ഭാഗത്ത് ശക്തിയായി ഇടിച്ചു. ഇതോടെ ശരീരമാസകലം പെരുപ്പും തുടർന്ന്​ നടക്കാൻ കഴിയാതെയുമായി. നിലവിളികേട്ട് എത്തിയ മാതാവ് താങ്ങിയാണ് മകളെ പുറത്ത് എത്തിച്ചത്.

ഓർത്തോ ഡോക്ടറുടെ നിർദേശാനുസരണം വീണ്ടും എക്സ്​റേ എടുത്തു. നടുവിന്‍റെ ഭാഗത്ത് അസ്ഥിയിൽ പൊട്ടൽ ഉണ്ടെന്ന് ഇതിൽ കണ്ടെത്തി. ചെറിയ പോറൽ മാത്രമേയുള്ളൂ ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്ന്​ നിർദേശിച്ച്​ മരുന്ന് നൽകി വിട്ടയച്ചത്രെ. ഡോക്ടർമാർ നിസ്സാരമായാണ് പറഞ്ഞതെങ്കിലും ഫൈനൽ സെമസ്റ്റർ ബി.എസ്​സി നഴ്സിങ് വിദ്യാർഥിനിയായ ആദിത്യക്ക് ഡോക്ടർമാർ തമ്മിലെ സംഭാഷണത്തിൽനിന്ന്​ പരിക്കിന്‍റെ ഗൗരവസ്വഭാവം മനസ്സിലായി.

എക്സ്​റേ റിപ്പോർട്ട് ഉൾപ്പടെ മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ നടുവിലെ എല്ലിൽ പൊട്ടൽ സ്ഥിരീകരിച്ചു. അന്നുതന്നെ മാതാവ് ലത ആശുപത്രി സൂപ്രണ്ടിനെ നേരിൽ കണ്ട് പരാതി അറിയിച്ചു. അങ്ങനെ ഒരു അപകടം ഉണ്ടാകാൻ സാധ്യതയില്ലെന്നും വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കാമെന്നും പറഞ്ഞ്​ മടക്കി അയച്ചുവെന്നാണ് പറയുന്നത്. എച്ച്.എം.സിക്കും പരാതി നൽകി. എന്നാൽ, എക്സ്​റേ ജീവനക്കാരെ സംരക്ഷിക്കാനുള്ള ശ്രമം മാത്രമാണ് ആശുപത്രി അധികൃതരിൽ നിന്ന്​ ഉണ്ടായതെന്ന്​ ലത പറയുന്നു.

തുടർന്ന്​ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും എം.എൽ.എക്കും ​പൊലീസിലും പരാതി നൽകി. ജനപ്രതിനിധികളും പ്രാദേശിക ഭരണകൂടങ്ങളും ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന്​ വരുത്തിത്തീർക്കാനാണത്രെ ശ്രമിച്ചതെന്നും ആരോപണമുണ്ട്. ​സംഭവം വാർത്ത ആയതോടെയാണ് അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത് .

ആദിത്യയുടെ പിതാവ് ആരോഗ്യ അവശതകളാൽ കിടപ്പിലാണ്. അഴൂർ പി.എച്ച്.സിയിലെ പാർട്ട് ടൈം സ്വീപ്പർ ആയ ലതയുടെ വരുമാനത്തിലാണ്​ ജീവിതം മുന്നോട്ടുനീങ്ങിയിരുന്നത്​. മകൾ കിടപ്പിലായതോടെ ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!