അരുവിക്കര: അരുവിക്കരയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 8.65 ലക്ഷം രൂപയും 35 പവനും കവർന്ന കേസിലെ മൂന്നാം പ്രതി പിടിയിലായി. പേരൂർക്കട മൂന്നാമൂട് പള്ളിവിള ജയൻ ഭവനിൽ ജയൻ(ജപ്പാൻ ജയൻ-50) ആണ് പിടിയിലായത്. ഇയാളുടെ കൈയിൽനിന്നു കുറച്ച് പണവും സ്വർണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ, അരുവിക്കര സി.ഐ. ഷിബുകുമാർ, എസ്.ഐ.മാരായ വിനീഷ്ഖാൻ, ഷാജി, ഷിബു, പോലീസുകാരായ ഉമേഷ് ബാബു, സജി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റുപ്രതികൾ ഉടൻപിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
ജയ്ഹിന്ദ് ടി.വി. ടെക്നിക്കൽ വിഭാഗം ജീവനക്കാരൻ ആർ.മുരുകന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ റിസർച്ച് ഓഫീസർ പി.ആർ.രാജിയുടെയും അരുവിക്കര ചെറിയകൊണ്ണി കാവുനടയിലുള്ള വീട്ടിൽ കഴിഞ്ഞ ചൊവ്വാഴ്ച പകലാണ് മോഷണം നടന്നത്.
വീടിന്റെ പ്രധാന വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന് മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 8,65,000 രൂപയും 35 പവന്റെ സ്വർണാഭരണങ്ങളും കവർന്നു.