വർക്കല : പുന്നമൂട് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി.
വിൽപ്പനയ്ക്ക് എത്തിച്ച മത്സ്യങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. ഇവ മാർക്കറ്റിൽ വച്ചുതന്നെ നശിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. മണൽവിതറി മത്സ്യവില്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മണൽവിതറി മത്സ്യം പ്രദർശിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥർ വിൽപ്പനക്കാർക്ക് വീണ്ടും കർശന നിർദേശം നൽകിയിട്ടുണ്ട്.
വർക്കല ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആറ്റിങ്ങൽ സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ജിഷ, ചിറയിൻകീഴ് സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ധന്യ ശ്രീവത്സൻ എന്നിവർ ഒപ്പമുണ്ടായിരുന്നു