കല്ലമ്പലം: നാഷണൽ ഹൈവേ 66-ഇൽ തോട്ടയ്ക്കാട് പാലത്തിനു സമീപമുള്ള അംഗീകൃത ബസ് സ്റ്റോപ്പിൽ സ്വകാര്യ ബസ്സുകൾ നിർത്താതെ പോകുന്നതു മൂലം പ്രദേശത്തെ ജനങ്ങളും വിദ്യാർത്ഥികളും ഏറെ കാലമായി ബുദ്ധിമുട്ടുകയാണ്.
ഇത് പരിഹരിക്കുന്നതിനായി കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ആർ. ടി. ഓ. സത്വര നടപടികൾ സ്വീകരിക്കുകയും കല്ലമ്പലം പോലീസും മോട്ടോർ വാഹന പരിശോധന ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
ജനങ്ങളുടെ ബുദ്ധിമുട്ട് നേരിൽ മനസ്സിലാക്കുകയും സ്റ്റോപ്പിൽ നിർത്താതെ പോകുന്ന വാഹനങ്ങളുടെ വിവരം ശേഖരിക്കുകയും തുടർ നടപടികൾ സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് കൊടുത്തു.
ഏതാനും മാസങ്ങളായി ബസ്ബേ ഉണ്ടായിട്ടും സ്വകാര്യ ബസുകൾ ആറ്റിങ്ങലിനും കല്ലമ്പലത്തിനും ഇടയിലുള്ള ഫെയർ സ്റ്റേജ് ആയ ഈ സ്റ്റോപ്പിനെ അവഗണിക്കുകയാണെന്നു സൗഹൃദ റെസിഡന്റ്‌സ് ഭാരവാഹികൾ പറഞ്ഞു.
മത്സര ഓട്ടം നടത്തുന്ന സമയങ്ങളിൽ പലപ്പോഴും യാത്രക്കാരെ സ്റ്റോപ്പിൽ ഇറക്കാതെ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറക്കി 10 രൂപ കൊടുത്തിട്ട് അടുത്ത ബസ് കേറി തിരികെ പോകുവാൻ പറഞ്ഞു അധിക്ഷേപിക്കുന്നതായും നാട്ടുകാർ പറയുന്നു.