ആറ്റിങ്ങൽ: നഗര ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് വഴിയരികിൽ കിടന്ന പൊതി കഴിഞ്ഞ ദിവസം ശുചീകരണ തൊഴിലാളിയായ അജിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
കളഞ്ഞു കിട്ടിയ പൊതി തുറന്ന് പരിശോധിച്ചപ്പോൾ എടിഎം കാർഡ് , റേഷൻകാർഡ്, പാൻകാർഡ്, ഇലക്ഷൻ ഐഡി, ഹെൽത്ത് കാർഡ് ഉൾപ്പടെ നിരവധി രേഖകൾ ഉള്ളതായി കണ്ടെത്താൻ സാധിച്ചു.
മുട്ടപ്പലം സ്വദേശി മണിശ്രീ നിവാസിൽ കവിത എന്നാണ് കളഞ്ഞു കിട്ടിയ കാർഡുകളിലെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഗേൾസ് സ്കൂളിന് സമീപം മാലിന്യം ശേഖരിക്കുന്നതിനിടെയാണ് വഴിയരികിൽ അനാഥമായി കിടന്ന പൊതി തനിക്കു ലഭിക്കുന്നതെന്ന് അജി പറഞ്ഞു.
ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സന്റെ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണിവ. രേഖകളുടെ യഥാർത്ഥ ഉടമ തെളിവു സഹിതം നഗരസഭ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.