ആറ്റിങ്ങൽ : ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം തീ പടർന്നത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയ്ക്ക് ആറ്റിങ്ങൽ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ഉണക്ക പുല്ലിനും ചപ്പുചവറുകൾക്കും തീ പിടിച്ചതാണ് ജീവനക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിൽ ആഴ്ത്തിയത്.
ഉപയോഗശൂന്യമായ നിരവധി ബസ്സുകൾ കൂട്ടിയിട്ടിരുന്ന സ്ഥലത്തിനോട് ചേർന്നാണ് തീപിടുത്തം ഉണ്ടായത്. ഉടൻതന്നെ ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്നും രണ്ടിയൂണിറ്റ് ഫയർ എൻജിൻ സംഭവസ്ഥലത്തെത്തി തീപിടുത്തം നിയന്ത്രണ വിധേയമാക്കി.
20ദിവസം മുൻപും ഇവിടെ സാമാനമായ രീതിയിൽതീ പിടുത്തം ഉണ്ടായി. യൂണിഫോമിലുള്ള കുട്ടികളും സമീപത്ത് താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളും ഈ പ്രദേശങ്ങളിൽ നിന്ന് പുകവലിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുക വലിച്ചിട്ട് എറിയുന്ന കുറ്റിയിൽ നിന്ന് തീ പടരാൻ സാധ്യത ഉണ്ടെന്നും ഈ പ്രദേശത്ത് പോലീസ് നിരീക്ഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ ജിഷാദ് ജെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഹരീഷ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ നോബിൾ കുമാർ മോഹൻകുമാർ, വിഷ്ണു, ഉണ്ണികൃഷ്ണൻ, സതീശൻ, ശ്രീരാഗ്, രതീഷ്, അനൂപ്, അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ഗ്യാരേജിന് സമീപം ഉണക്ക പുല്ലുകൾ ധാരാളമായി വളർന്നുനിൽക്കുന്നതും, ചപ്പുചവറുകളും പാഴ് വസ്തുക്കളും കൂട്ടിയിട്ടിരിക്കുന്നതും തീപിടുത്ത സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് സ്റ്റേഷൻ ഓഫീസർ പറഞ്ഞു. കൂട്ടിയിട്ടിരുന്ന ബസ്സുകളിലേക്ക് തീ പടർന്നു പിടിച്ചിരുന്നെങ്കിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായേനെ എന്നും അദ്ദേഹം അറിയിച്ചു.