ആറ്റിങ്ങൽ : ക്ഷാമബത്ത കുടിശ്ശി അനുവദിക്കാത്തത് ജീവനക്കാരുടെ ജീവിത സാഹചര്യം ദുരിത പൂർണ്ണമാക്കിയിരിക്കുകയാണെന്നും വർദ്ധിച്ചുവരുന്ന വിലക്കയറ്റം നേരിടാനാ കാതെ പ്രയാസപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.രമേശ് അഭിപ്രായപ്പെട്ടു.
കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും അടിയന്തിര ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ചിലവുകൾക്കും ജീവനക്കാർ വായ്പ യെടുക്കേണ്ടി വരുന്ന സാഹചര്യം വർദ്ധിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ സമ്മേളനം ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി കലാപ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മെഡിസെപ്പിൽ എല്ലാ ആശുപത്രികളെയും ഉൾപ്പെടുത്തുകയും ഔട്ട് പേഷ്യന്റുകൾക്കും ഇൻഷ്വറൻസ് പരിരക്ഷ കിട്ടത്തക്ക രീതിയിൽ മെഡിസെപ്പ് കരാർ പുനക്രമീകരിക്കുകയും ചെയ്യണമെന്ന്” സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ് ലിജിൻ. എസ്.എൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വേണു, വി. ബാലകൃഷ്ണൻ, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, സെക്രട്ടറി കെ. സുരകുമാർ, വൈസ് പ്രസിഡന്റുമാരായ ബൈജു ഗോപാൽ, വൈ. സുൽഫിക്കർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ആർ. സരിത, ആർ.എസ്. സജീവ്, വനിതാ കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിജിന എന്നിവർ സംസാരിച്ചു.
രാവിലെ മേഖലാ പ്രസിഡന്റ് ലിജിൻ എസ്.എൽ പതാക ഉയർത്തി. മേഖലാ സെക്രട്ടറി ദീപക് നായർ. സി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുശീൽ കുമാർ. എസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മനീഷ് കുമാർ രക്തസാക്ഷി പ്രമേയവും ടി. കൗസു അനുശോചന പ്രമേയവും അവതരിപ്പിച്ചു.സംസ്ഥാന കൗൺസിൽ അംഗം സന്തോഷ്. വി സ്വാഗതവും മേഖലാ വനിതാ കമ്മിറ്റി സെക്രട്ടറി ലിസി. വി നന്ദിയും പറഞ്ഞു
“ജനങ്ങൾക്ക് സുതാര്യമായും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കുന്ന സിവിൽ സർവ്വീസ് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്ന് ജീവനക്കാരോട് സമ്മേളനം അഭ്യർത്ഥിച്ചു”.
പുതിയ മേഖലാ കമ്മിറ്റി ഭാരവാഹികളായി ലിജിൻ എസ്.എൽ (പ്രസിഡന്റ്), ദീപക് നായർ. സി (സെക്രട്ടറി), സുശീൽ കുമാർ.എസ് (ട്രഷറർ), മഞ്ജു. ആർ. എസ് (വനിതാ കമ്മിറ്റി പ്രസിഡന്റ്), ലിസി.വി (സെക്രട്ടറി). എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
