കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്തു സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ മാർക്കായി സംഘടിപ്പിക്കുന്ന ചതുർദിന റസിഡൻഷ്യൽ ശിൽപ്പശാലയ്ക്ക് തുടക്കമായി.
വിഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിലും സാമൂഹിക ഉൾച്ചേർക്കലിലും മാതൃകപരമായ പ്രവർത്തനങ്ങളാണ് നമ്മുടെ സംസ്ഥാനത്താകെ നടപ്പാക്കി വരുന്നത്. മാറുന്ന കാലത്തെ വിദ്യാഭ്യാസ സാധ്യതകൾ തിരിച്ചറിഞ്ഞ് അവ വിഭിന്നശേഷിക്കാരായ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരെ പ്രാപ്തരാക്കുക എന്നതാണ് നാലുദിവസം നീണ്ടുനിൽക്കുന്ന ഈ സഹവാസ ക്യാമ്പിന്റെ ലക്ഷ്യം.
കണിയാപുരം, ആറ്റിങ്ങൽ, കിളിമാനൂർ എന്നീ ബി ആർ സികളിൽ നിന്നും 46സ്പെഷ്യൽ എഡ്യൂക്കേറ്റർമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കണിയാപുരം ബി ആർ സി യ്ക്കാണ് സംഘാടന ചുമതല.
കുട്ടികൾക്ക് ലഭ്യമാക്കേണ്ട വിവിധതരം സേവനങ്ങൾ, കുട്ടികളുടെ പരിചരണം, വിഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ പഠന ഉപകരണങ്ങളുടെ നിർമ്മാണം എന്നിങ്ങനെ വിവിധ സെഷനുകൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
മണ്ണന്തല ജെ എം സ്റ്റഡി സെന്ററിൽ ഫെബ്രുവരി 22മുതൽ 25വരെയാണ് ശില്പശാല. വാമനപുരം എംഎൽഎ അഡ്വ. ഡി കെ മുരളി ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീകാര്യം വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് അധ്യക്ഷനായ യോഗത്തിൽ കണിയാപുരം ബിപിസി ഉണ്ണികൃഷ്ണൻ പാറയ്ക്കൽ സ്വാഗതവും ക്യാമ്പ് ഡയറക്ടർ രാജേഷ് ലാൽ എൽ കെ കൃതജ്ഞത രേഖപ്പെടുത്തി.
ജെ എം എം ഡയരക്ടർ റവ. ഡോ. ജെയിംസൺ വിശിഷ്ടാതിഥിയായി. മധുസൂദനക്കുറിപ്പ്, ആൻസി ജോർജ്, ബിന്ദു വിഎസ്, ആശാലത എന്നിവർ സംസാരിച്ചു.