കിളിമാനൂർ: കാരേറ്റ് ബാറിനുള്ളിൽ വെച്ച് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കൊടുവഴന്നൂർ തോറ്റവരം സ്വദേശി മഹേഷ് (32) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 2ന് രാത്രി 8 മണിക്ക് കാരേറ്റ് കാർത്തിക ബാറിനുള്ളിൽ വെച്ച് മദ്യപിക്കാൻ എത്തിയ യുവാവിനെ വഴിയിൽ തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പ്രതി പൊട്ടിയ ബിയർ കുപ്പി കൊണ്ട് ആക്രമിച്ചത്.യുവാവ് ഒഴിഞ്ഞുമാറി കൈകൊണ്ട് തടഞ്ഞെങ്കിലും ഇടതു വലതു നെഞ്ചിലും തലയുടെ മുകൾ ഭാഗത്തും കാലിൻറെ തുടയിലും കുത്ത് ഏൽക്കുകയായിരുന്നു.കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് എത്തിയ കിളിമാനൂർ പോലീസ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ അന്വേഷിച്ചുവരവെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, സീനിയർ സിവിൽ പോലീസ് ഷംനാദ്, അരുൺ എന്നിവർ പ്രദേശത്ത് തിരച്ചിൽ നടത്തി പിടികൂടുകയായിരുന്നു.
കിളിമാനൂർ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ് ഇയാൾ . ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കേസിൽ പിടിയിലാവുന്നത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.