മംഗലപുരം: സമഗ്ര ശിക്ഷ കേരളം, കണിയാപുരം ബി.ആർ.സി.യുടെ നേതൃത്വത്തിൽ ഇടവിളാകം യു.പി.സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി കളിയുത്സവം സംഘടിപ്പിച്ചു. നാടൻ കളികളിലൂടെ കുട്ടികളിലെ കായിക ശേഷി വർധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.നൂറിൽ പരം കുട്ടികൾ വിവിധ കളികളിൽ പങ്കെടുത്തു.
കളിയുത്സവത്തിലൂടെ പരിചയപ്പെടുത്തിയ നാടൻ കളികൾ കുട്ടികളിൽ കൗതുകമുണർത്തി. പരിചയപ്പെട്ട കളികളുടെ കൂടുതൽ ഇനങ്ങൾ സ്റ്റാർസ് പ്രീ പ്രൈമറി ശാക്തീകരണ പദ്ധതിയിലെ പുറം കളി ഇടത്തിൽ ഉൾപ്പെടുത്തി പരിശീലിപ്പിക്കും.
പങ്കാളികൾക്ക് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വനജ കുമാരി, ഗ്രാമ പഞ്ചായത്തംഗം എസ് കവിത, പ്രഥമാധ്യാപിക എൽ ലീന എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി ആദരിച്ചു. അധ്യാപകരായ എസ്.സീന, എച്ച്.എ ഷംല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.