വർക്കല :ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട റിസോർട്ടിലെ രണ്ട് മുൻജീവനക്കാർക്ക് റിസോർട്ട് ഉടമയുടെയും കൂട്ടാളികളുടെയും ക്രൂര മർദനം.
മുൻ ജീവനക്കാരിൽ ഒരാളെ വീട്ടിൽ അതിക്രമിച്ചു കയറിയും മറ്റൊരാളെ വീട്ടിൽ നിന്നും പിടിച്ചിറക്കി തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു.
വർക്കല സൗത്ത് ക്ലിഫിലെ വേക്കെയ് നെസ്റ്റ് എന്ന റിസോർട്ടിന്റെ ഉടമയായ വർക്കല സ്വദേശി സെയ്ദലി (41) , കൂട്ടാളികളായ കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശികളായ ജിതിൻ (20) , സജീർ (21) എന്നിവരാണ് പോലീസ് പിടിയിലായത്.
മാർച്ച് ഒന്നിന് രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. റിസോർട്ടിലെ മുൻജീവനക്കാരായ കോട്ടയം സ്വദേശി ശരത് സജി , കിളിമാനൂർ സ്വദേശി അഖിൽ എന്നിവർക്കാണ് ക്രൂരമായ മർദ്ദനമേറ്റത്.
വർക്കലയിൽ വാടകയ്ക്ക് താമസിക്കുന്ന ശരത് സജിയെ വീട്ടിൽ അതിക്രമിച്ചു കയറി ഗുരുതരമായി മർദ്ദിച്ചവശനാക്കുകയായിരുന്നു.ശരത്തിന്റെ ഭാര്യയുടേയും കുഞ്ഞിന്റെയും മുന്നിലിട്ടായിരുന്നു അക്രമി സംഘത്തിന്റ ക്രൂരമർദ്ദനം .തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാൾ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശമ്പള കുടിശ്ശിക ചോദിച്ചതിനുള്ള വിരോധമെന്നാണ് ശരത് പോലീസിന് മൊഴി നൽകിയിട്ടുള്ളത്. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് റിസോർട്ട് ഉടമയ്ക്കും കൂട്ടാളികൾക്കും എതിരെ കേസെടുക്കുകയായിരുന്നു.
കിളിമാനൂർ സ്വദേശി അഖിലിനെ റിസോർട്ട് ഉടമയായ സെയ്‌ദലിയും സംഘവും തന്ത്രപൂർവ്വം ശമ്പള കുടിശ്ശിക നൽകാമെന്ന് പറഞ്ഞ് ഇയാളുടെ റിസോർട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം മർദ്ധിക്കുകയ്യും ചെയ്തു എന്നാണ് മൊഴി നൽകിയിട്ടുള്ളത്. മർദ്ധിച്ചശേഷം തിരിച്ചു അഖിലിന്റെ വീട്ടിൽ കൊണ്ട് ആക്കുകയും മർദ്ധന വിവരം പുറത്ത് പറയരുത് എന്ന് ഭീഷണിപ്പെടുത്തിയ ശേഷം വീട്ടിൽ നിന്ന് ചായയും കുടിച്ചു മടങ്ങി എന്ന് അഖിൽ വെളിപ്പെടുത്തി
വർക്കല പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ സെയ്ദലി .
കഞ്ചാവ് കൈവശം വച്ചതിന് റിസോർട്ട് ഉടമയായ സെയ്ദലിയെ വർക്കല എക്സൈസ് സർക്കിൾ ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങൾക്ക് മുൻപ് പിടികൂടിയിരുന്നു.