‘ആ പുഞ്ചിരി മറഞ്ഞു’! ശ്രേഷ്ഠയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും.. മകളെ കാത്തിരുന്ന രക്ഷകർത്താക്കളും വാർത്ത അറിഞ്ഞ് ഞെട്ടി ‘

eiHZIGM87413

കല്ലമ്പലം : എപ്പോഴും പുഞ്ചിരിയോടെ തിളങ്ങുന്ന മുഖം, എല്ലാവരോടും നല്ല സൗഹൃദം.. അധ്യാപകർക്കും ശ്രേഷ്ഠ വളരെ പ്രിയപ്പെട്ടതാണ്. പഠിത്തത്തിലും മിടുക്കി. നല്ല സൗഹൃദ വലയമുള്ള എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി, അതായിരുന്നു ശ്രേഷ്ഠ(22). എന്നത്തേയും പോലെ ഇന്നും കോളേജിലെത്തി പഠനം കഴിഞ്ഞ് സുഹൃത്തുക്കൾക്ക് ഒപ്പം ഹോളി ആഘോഷവുമൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തിൽ വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽകുമ്പോഴാണ് ഒരിക്കലും പ്രതീക്ഷിക്കാതെ പെട്ടെന്ന് ഒരു വാഹനം നേരെ വന്ന് ഇടിച്ചുകയറിയത്. പിന്നെ കണ്ടത് നിലവിളികളും രക്തവും. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറി മറിഞ്ഞു. ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വൈകുന്നേരം കോളേജിൽ നിന്നെത്തുന്ന മകളെ കാത്തിരുന്ന രക്ഷകർത്താക്കൾ അറിഞ്ഞത് ദുരന്ത വാർത്തയും.

ആറ്റിങ്ങൽ മാമത്തെ പ്രസിദ്ധമായ ലിപ്റ്റൻ കുടുംബത്തിലെ സുകുമാരൻനായരുടെ ജ്യേഷ്ഠ സഹോദരൻ ശ്രീധരൻനായരുടെ മകൻ വിജയകുമാറിന്റെ മകളാണ് ശ്രീ സരസിൽ ശ്രേഷ്ഠ എം വിജയ്.അടുത്തകാലത്താണ് ലേബർ ഓഫീസർ ആയിരുന്ന വിജയകുമാർ റിട്ടയർ ചെയ്തത്. മഞ്ജുവാണ് ശ്രേഷ്ഠയുടെ മാതാവ് .മാമം ജി വി ആര്‍ എം എൽ പി സ്കൂളിന് സമീപം ശ്രീസരസിൽ താമസിച്ചിരുന്ന വിജയകുമാറും കുടുംബവും ഇപ്പോൾ അണ്ടൂർ എൽപിഎസിനു സമീപത്തെ ആക്കോട്ട് വീട്ടിലാണ് താമസിക്കുന്നത്.

ഇന്ന് വൈകുന്നേരം 3 മണി കഴിഞ്ഞാണ് സംഭവം. ദേശീയ പാതയിൽ കല്ലമ്പലം പോലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന കെടിസിടി കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾ പഠനം കഴിഞ്ഞ് കോളേജിനു അടുത്തുള്ള ആയാംകോണം ജംഗ്ഷനിൽ ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോകാൻ ബസ് കാത്ത് നിൽക്കുകയായിരുന്നു. ഏകദേശം 15ലധികം വിദ്യാർത്ഥികൾ അവിടെ ഉണ്ടായിരുന്നു. ഒരു സ്വകാര്യ ബസ് വന്ന് അതിലേക്ക് കുട്ടികൾ കയറാൻ ഒരുങ്ങുമ്പോഴാണ് കൊല്ലം ഭാഗത്ത് നിന്നും അമിത വേഗതയിൽ ടൊയോട്ട ഫോർച്യൂണർ കാർ (KL02BQ6345)ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുന്നത്. നിർത്തിയിട്ട് ആളെ കയറ്റിക്കൊണ്ട് നിന്ന ബസ്സിന്‌ പുറകിലും ഇടിച്ച ശേഷമാണ് വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറിയത്. വിദ്യാർത്ഥികൾ കാറിന് അടിയിലായപ്പോഴും കാർ ഡ്രൈവർ രക്ഷപ്പെടാൻ വാഹനം പുറകോട്ട് എടുക്കുകയും വിദ്യാർത്ഥികളുടെ ദേഹത്തു കാർ കയറി ഇറങ്ങുകയും ചെയ്തു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വിദ്യാർത്ഥികളും കാറിൽ അടിച്ചു ബഹളം വെച്ചപ്പോഴാണ് കാർ നിർത്താൻ ഡ്രൈവർ തയ്യാറായത്. നാട്ടുകാരും മറ്റു വിദ്യാർത്ഥികളും ചേർന്ന് കാറിനു അടിയിൽ പെട്ട വിദ്യാർത്ഥികളെയും കാറിടിച്ചു പരിക്കേറ്റ മറ്റു വിദ്യാർത്ഥികളെയും തൊട്ടടുത്തുള്ള കെടിസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ ശ്രേഷ്ഠ മരണപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥിനി ആൽഫിയ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആതിര പി, ഗായത്രി, ആമിന, അൽഫിയ, സുമിന, നിതിൻ, നിഹാൽ, സൂര്യ, ഫഹദ്, അരുണിമ, ഫൈസ്, ആസിയ, ആദിത്, ഗംഗ, വീണ തുടങ്ങി 16ഓളം വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.

അപകടം വരുത്തി വെച്ച കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്ത് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന ശ്രേഷ്ഠയുടെ മൃതദേഹം നാളെ അനന്തര നടപടികൾക്ക് ശേഷമാകും സംസ്കരിക്കുക.

ശ്രേഷ്ഠയുടെ സഹോദരി തേജസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!