വർക്കലയിൽ ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടിയ സംഭവം, വനം വകുപ്പ് കേസെടുത്തു.

eiOGAWF30306

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വര്‍ക്കല പാളയംകുന്ന് ശ്രീകണ്ഠശാസ്താ ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടിയ സംഭവത്തിൽ ഉത്സവക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ വനം വകുപ്പ് കേസെടുത്തു.

ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിന് വനം വകുപ്പിന്റെ കീഴിലുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി ഉത്സവക്കമ്മിറ്റി ഭാരവാഹികൾ എടുത്തിരുന്നില്ല. അനുമതിയില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വനം വകുപ്പിന്റെ നടപടി. 2012 ലെ നാട്ടാന പരിപാലന നിയമപ്രകാരമാണ് കേസെടുത്തത്. ആറ്റിങ്ങൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ആണ് കേസെടുത്തത് . ഇതുപ്രകാരമുള്ള ശിക്ഷാ നടപടികളും ക്ഷേത്രഭാരവാഹികൾ നേരിടേണ്ടി വരും.

കൊല്ലം പരവൂർ സ്വദേശി മോഹൻലാൽ എന്ന വ്യക്തിയുടെ ഉടമസ്‌ഥതയിലുള്ള ആനയാണ് കരിമ്പിലാങ്ങില്‍ മഹാദേവൻ . കഴിഞ്ഞദിവസം രാത്രി 10.30-ഓടെയായിരുന്നു സംഭവം. ക്ഷേത്രോത്സവ ചടങ്ങുകൾ പൂർത്തിയാക്കി തിടമ്പ് അഴിച്ചുമാറ്റുന്ന സമയത്താണ് ആന വിരണ്ടോടിയത്.

ഉത്സവചടങ്ങുകൾ അവസാനിക്കാറായ സമയം ആനയുടപിന്‍ഭാഗത്ത് തീവെട്ടിയോ മറ്റോ കൊണ്ടാണ് പ്രകോപിതനായത് എന്നുള്ള വിവരങ്ങൾ ഉണ്ടെങ്കിലും ആന വിരണ്ടോടാൻ തക്കതായ സാഹചര്യം എന്തെന്ന് ഉള്ളതിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.

ആനപ്പുറത്തിരുന്ന പൂജാരിയെ കുടഞ്ഞ് താഴേക്കിട്ട് ആക്രമിക്കാന്‍ ശ്രമിച്ചു. അവിടുണ്ടായിരുന്നവര്‍ ബഹളമുണ്ടാക്കി ആനയുടെ ശ്രദ്ധതിതിരിച്ചതോടെ നിലത്തുവീണ വിപിൻ ഓടി രക്ഷപ്പെട്ടു. ആന ഇടഞ്ഞ് ആളുകള്‍ക്ക് നേരെ പാഞ്ഞടുത്തതോടെ ഏവരും ചിതറിയോടി. ജനങ്ങള്‍ക്കുനേരെ നേരെ ആന പാഞ്ഞടുക്കുകയും വാഹനങ്ങള്‍ മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. ഏതാനും വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. 20 മിനുട്ടോളം ആന പരിഭ്രാന്തി
സൃഷ്ടിച്ചു. ഒടുവില്‍ പാപ്പാന്‍ സമയോചിതമായി ഇടപെട്ട് ആനയെ തളയ്ക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ അടങ്ങുന്ന സംഘം ഇന്ന് നേരിട്ടെത്തി ആനയുടെ ആരോഗ്യനില വിലയിരുത്തി. പ്രാഥമികമായി ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നുള്ള വിവരമാണ് ലഭിക്കുന്നത്. ആനയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ അനുമതി ഇല്ലാതെ ഉത്സവത്തിന് എഴുന്നള്ളിക്കുകയും ആന വിരണ്ടോടുകയും ചെയ്ത സാഹചര്യത്തിൽ അടുത്ത കുറച്ചു ദിവസത്തേക്ക് എഴുന്നള്ളിപ്പ് ഉൾപ്പെടെയുള്ള ചടങ്ങുകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തും. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് കൈമാറും. തുടർന്ന് 15 ദിവസത്തേക്ക് അല്ലെങ്കിൽ 30 ദിവസത്തേക്ക് ആകും വിലക്ക് ഉണ്ടാവുക . സംസ്ഥാനത്തെ ഒരു ജില്ലയിലേക്കും ആനയെ ഈ കാലയളവിൽ എഴുന്നള്ളിക്കാൻ പാടില്ല എന്നുള്ള നോട്ടീസ് ആവും നൽകുക.

ആന വിരണ്ടോടുന്ന സമയം തിടമ്പേറ്റ് ചടങ്ങിനെത്തിയ ആനപ്പുറത്തിരുന്ന പൂജാരി വിപിന്‍ തെറിച്ചു വീഴുകയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ആന വിരണ്ടതിനെ തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിലത്തുവീണ സമീപവാസി കാശിനാഥ് എന്ന യുവാവിനു പരിക്കേറ്റു. ഇയാളുടെ കൈക്ക് പൊട്ടൽ ഉണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!