റെയിൽവേ പോലീസിനെ ആക്രമിച്ച മോഷ്ടാവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി.വർക്കല ചാവടിമുക്ക് സ്വദേശി മുരുകനാ(36)ണ് പോലീസ് പിടിയിലായത്.
വർക്കല റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് സംഭവം.കൊല്ലം ഭാഗത്തേക്ക് പോയ മെമു ട്രെയിനിൽ നിന്നും ഒരു ബാഗ് മോഷണം പോയതായി വർക്കല റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥർക്ക് അറിയിപ്പ് ലഭിച്ചിരുന്നു. സംശയസ്പദമായ രീതിയിൽ കാണുന്നവരെ പരിശോധിക്കണമെന്നും നിർദ്ദേശം ലഭിക്കുകയുണ്ടായി.
തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിപിഒ വിനോദ് പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ രീതിയിൽ രണ്ട് ബാഗുകളുമായി നിൽക്കുന്ന പ്രതി മുരുകന്റെ സമീപത്തേക്ക് എത്തുകയും പോലീസ് ഉദ്യോഗസ്ഥൻ വരുന്നത് കണ്ട ഉടനെ ഇയാൾ കയ്യിൽ കരുതിയിരുന്ന ബാഗ് പ്ലാറ്റ്ഫോമിന്റെ മതിലിന് വെളിയിലേക്ക് എറിയുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ആക്രോശിച്ചു കൊണ്ട് അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. എന്നാൽ പോലീസ് ഉദ്യോഗസ്ഥനായ വിനോദ് അതിവിദഗ്ധമായി ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തുകയും വർക്കല പോലീസിനെ വിളിച്ച് വരുത്തി പ്രതിയായ മുരുകനെ കൈമാറുകയും ചെയ്തു. പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുമ്പോൾ വർക്കല പോലീസിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു.
രാത്രി 8.45 ന് കൊല്ലം ഭാഗത്തേക്ക് പോയ മെമു ട്രെയിനിൽ നിന്നുമാണ് മോഷ്ടാവായ മുരുകൻ ബാഗുകൾ കവർന്നത്. ഇയാൾ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറുകയും ട്രയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരനായ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് അഡ്മിനിസ്റ്റേറ്റിവ് അസിസ്റ്റന്റ് ഉദ്യോഗസ്ഥനായ സന്തോഷിന്റെ ബാഗ് മോഷ്ടിച്ചുകൊണ്ട് വർക്കല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്തു.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് മുന്നേ ബാഗ് നഷ്ടപ്പെട്ടത് മനസിലാക്കിയ സന്തോഷ് റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയും റെയിൽവേ പോലീസ് എല്ലാ സ്റ്റേഷനിലും വിവരം കൈമാറുകയും ചെയ്തു. ഇതനുസരിച്ചാണ് വർക്കല സ്റ്റേഷനിലും അറിയിപ്പ് പ്രകാരം വിനോദ് ന് സംശയം തോന്നി ചോദ്യം ചെയ്തത്.
വർക്കല, കിളിമാനൂർ , കണ്ണൂർ , തൃശ്ശൂർ , കൊല്ലം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പോലീസ് അന്വേഷിച്ചു വരുന്ന കുറ്റവാളിയാണ് മുരുകൻ എന്ന് വർക്കല പോലീസ് അറിയിച്ചു. റെയിൽവേ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെസത്തിട്ടുള്ളത്.
ടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
ബാഗ് മോഷണവുമായി സന്തോഷ് നൽകിയ പരാതിയിന്മേൽ തിരുവനന്തപുരം റെയിൽവേ പോലീസ് കേസെടുത്തിട്ടുണ്ട്.