പാലച്ചിറ: സ്നേഹ കേരളം; പ്രവാസത്തിന്റെ കരുതൽ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി പാലച്ചിറയിൽ സ്നേഹപഞ്ചായത്ത് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് എന്നിവയുടെ നേതൃത്വത്തിലാണ് വർക്കല ചെറുന്നിയൂർ പാലച്ചിറ ജംഗ്ഷനിൽ സൗഹൃദ വേദി സംഘടിപ്പിച്ചത്.
ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ ഭൂമിയിൽ ഇതിനു നേതൃത്വം നൽകാൻ സാധിച്ചതിൽ ഐ സി എഫിന് അഭിമാനിക്കാമെന്നു ഉദ്ഘാടനം ചെയ്തു കൊണ്ട് പി ഡി പി സ്റ്റേറ്റ് ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ വർക്കല രാജ് അഭിപ്രായപ്പെട്ടു.
ശിവഗിരി മഠം സ്വാമികൾ അസംഘ ചൈതന്യ, മുങ്ങോട് ചർച്ച് വികാരി ഫാദർ ഷിജിൻ, ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൻസിൽ, എച്ച് എച്ച് ടി എം യു പി സ്കൂൾ പ്രഥമാധ്യാപകൻ സുരേഷ്, ഷിബു തങ്കൻ, റിട്ട. ഡെപ്യൂട്ടി കളക്ടർ നൗഷാർബാൻ, നൂറുൽ ഇസ്ലാം ലൈബ്രറി പ്രസിഡന്റ് അഡ്വ. സിയാദ്, വടശേരിക്കോണം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ റഹിം, ചെറുകുന്നം മുസ്‌ലിം ജമാഅത്ത് ഇമാം അബ്ദുൽ ഹക്കിം അൽ ഹാദി, സാംസ്‌കാരിക പ്രവർത്തകരായ റസൂലുദ്ധീൻ പാലച്ചിറ, ജോസഫ് പെരേര, മോഹനൻ പാലച്ചിറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു മുൻകാലത്തെ ചായക്കടയുടെ രൂപത്തിൽ ഒരുക്കിയ വേദി പുതുമയുള്ള ഒന്നായിരുന്നു.
മാനവിക സൗഹാർദ്ദം മുറുകെ പിടിച്ചു കൊണ്ട് മുന്നേറുവാനും വരുംതലമുറയ്ക്ക് ഇതൊരു മാതൃക ആക്കുവാനും ഉള്ള പരിശ്രമം ഉണ്ടാകണമെന്ന പ്രതിജ്ഞയോടെയാണ് ചടങ്ങ് സമാപിച്ചു.
പാലച്ചിറ പ്രദേശത്ത് നിന്നും ഡോക്ടറേറ്റ് നേടിയവർക്കുള്ള ഉപഹാരവും വേദിയിൽ കൈമാറി. നൂറുദ്ധീൻ മഹ്ലരിയുടെ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി ഹുസൈൻ പാലച്ചിറ സ്വാഗതതവും എസ് വൈ എസ് വർക്കല സോൺ സെക്രട്ടറി ബാസിത് നന്ദിയും പറഞ്ഞു.