മാലിന്യത്തിന്റെ അളവും ഘടനയും രേഖപ്പെടുത്താനിതാ ഒരു പുതിയ സംവിധാനം. വേൾഡ് ബാങ്കിന്റെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിക്കാണ് ആറ്റിങ്ങലിൽ തുടക്കം കുറിച്ചത്.
ഹരിതകർമ്മസേന അംഗങ്ങൾ നഗരത്തിലെ വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളുടെ അളവും ഇവയിൽ അടങ്ങിയിട്ടുള്ള പ്ലാസ്റ്റിക്കുകൾ, പേപ്പറുകൾ, കെമിക്കലുകൾ, ജീവനു ഹാനികരമാവുന്ന മറ്റു വിഷാംശങ്ങൾ എന്നിവ ഈ പുതിയ സംവിധാനത്തിലൂടെ തരം തിരിച്ചറിയാൻ സാധിക്കും.
അജി സൂര്യ ദമ്പതികളുടെ വീട്ടിലെത്തിയ സംഘം പ്രോജക്ടിന് ആവശ്യമായ വ്യക്തിവിവരങ്ങൾ ശേഖരിച്ചു.തുടർന്ന് വീട്ടിൽ നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്തിയ ശേഷം മാലിന്യ സാമ്പിളുകളിൽ വിരങ്ങൾ രേഖപെടുത്തിയ ടാഗ് കെട്ടി പരിശോധനക്കായി മാറ്റിവച്ചു.
വേൾഡ് ബാങ്ക് പ്രതിനിധികളായ പത്മകുമാർ, ദിലീപ്, മോഹൻദാസ്, നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, വാർഡ് കൗൺസിലർ ശങ്കർജി, ഹെൽത്ത് ഇൻസ്പെക്ടർ ധന്യ, പ്ലാന്റ് മാനേജർ മോഹൻകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹാസ്മി, സലീന, ഹരിതകർമ്മസേന കോഡിനേറ്റർ അനീഷ്, തുടങ്ങിയവരുടെ സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്.