കരകുളം കൃഷിഭവന് വട്ടപ്പാറയിൽ സബ് സെൻ്റർ സ്ഥാപിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്, രണ്ട് മാസത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കി

eiGL3CF25116

കരകുളം ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ്റെ വട്ടപ്പാറ സബ് സെൻ്ററിൻ്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു.

ഈ വർഷം ജനുവരി അവസാനം നടന്ന കൃഷി ദർശൻ പരിപാടിക്കിടെയാണ് കരകുളം ഗ്രാമ പഞ്ചായത്തിലെ കർഷകർ വട്ടപ്പാറ കേന്ദ്രമാക്കി സബ് സെൻ്റർ അനുവദിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.

ഇക്കാര്യം പരിശോധിച്ച് കൃഷി ദർശൻ വേദിയിൽ തന്നെ ഇത് സംബന്ധിച്ച ഉത്തരവിറക്കുകയും രണ്ട് മാസങ്ങൾക്കുള്ളിൽ വട്ടപ്പാറ സബ് സെൻ്റർ തുറക്കുകയുമായിരുന്നു. കേരളത്തിൽ ആദ്യമായാണ് ഒരു കൃഷി ഭവന് കീഴിൽ സബ് സെൻ്റർ അനുവദിക്കുന്നത്. കേരളത്തിലെ ആദ്യ കൃഷി ഭവനുകളിലൊന്നായ കരകുളം കൃഷി ഭവന് കീഴിൽ തന്നെ ആദ്യ സബ് സെന്ററും നിലവിൽ വന്നു എന്നതും പ്രത്യേകതയാണ്. ഇതോടെ വട്ടപ്പാറ പ്രദേശത്തെ കർഷകർക്ക് ഏറെ അകലെ സ്ഥിതി ചെയ്യുന്ന കരകുളം കൃഷി ഭവനിലെത്താതെ തന്നെ കൃഷി വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകും.

കൃഷിയിടങ്ങൾ നേരിട്ട് സന്ദർശിച്ചു കാര്യങ്ങൾ മനസിലാക്കി, കർഷകർ ഉന്നയിക്കുന്ന പരാതികൾക്ക് കാലതാമസമില്ലാതെ പരിഹാരം കാണാനാണ് കൃഷി ദർശൻ പരിപാടി ആസൂത്രണം ചെയ്തത്. ഇതിൻ്റെ ഭാഗമായി നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ ആയിരത്തിലധികം കർഷകരെ നേരിട്ട് കാണാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ നടന്ന മൂന്ന് കൃഷിദർശൻ പരിപാടികളിലായി 10 ഉത്തരവുകൾ കൃഷിയിടങ്ങളിൽ വച്ച് തന്നെ പുറത്തിറക്കി. ഇത് സംസ്ഥാനത്ത് തന്നെ ആദ്യമാണ്. കാർഷിക ഉത്പന്നങ്ങൾ സംഭരിച്ച വകയിൽ ഹോർട്ടികോർപ് കർഷകർക്ക് നൽകാനുള്ള കുടിശിക മുഴുവനും കൊടുത്തു തീർത്തിട്ടുണ്ട്. കേരളത്തിലെ റബ്ബർ കർഷകർക്ക് കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാന സർക്കാർ 1830 കോടി രൂപയുടെ സഹായം നൽകിയതായും മന്ത്രി പറഞ്ഞു.

വട്ടപ്പാറയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായിരുന്നു. വട്ടപ്പാറയിൽ നാല് കോടി രൂപ ചെലവിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചതായും വട്ടപ്പാറയിലൂടെ കടന്ന് പോകുന്ന എം സി റോഡിന്റെ സമഗ്ര വികസനം ഉടനുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ റാണി യു, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി അമ്പിളി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ്, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!