വിവാഹത്തിന് 200 പവനും കാറും വാച്ചും, ഭാര്യയെ ഗൾഫിൽ കൊണ്ടുപോകാൻ 47 സെന്റ് സ്ഥലവും എഴുതി വാങ്ങി, ഒടുവിൽ എല്ലാം തിരിച്ചു നൽകേണ്ടി വന്നു

eiVQMTX80985

ആറ്റിങ്ങൽ : ഭാര്യാപിതാവില്‍നിന്നു മരുമകന്‍ എഴുതിവാങ്ങിയ ഭൂമിയുടെ ആധാരം ആറ്റിങ്ങല്‍ കുടുംബകോടതി അസ്ഥിരപ്പെടുത്തി. കഴക്കൂട്ടം സ്വദേശിയായ യുവതിയും കേശവദാസപുരം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമോചനക്കേസിലാണ് ജഡ്ജി എസ്.സുരേഷ്‌കുമാര്‍ പ്രമാണം അസ്ഥിരപ്പെടുത്തിയത്.

പെണ്‍കുട്ടിയെ വിവാഹംചെയ്തു നൽകുമ്പോള്‍ വരന്റെയും മാതാപിതാക്കളുടെയും ആവശ്യപ്രകാരം 200 പവന്‍ ആഭരണങ്ങളും പത്തുലക്ഷംരൂപയും ഒന്നേകാല്‍ലക്ഷം രൂപ വിലയുള്ള വാച്ചും 15 ലക്ഷം രൂപ വിലയുള്ള കാറും പാരിതോഷികമായി നല്കിയിരുന്നു. കാറിന്റെ ഉടമസ്ഥാവാകാശം വിവാഹത്തിനു മുമ്പുതന്നെ യുവാവ് തന്റെ പേരിലേക്ക് മാറ്റിയെടുത്തു.

വിവാഹശേഷം യുവതിയെ ഗള്‍ഫില്‍ കൊണ്ടുപോകണമെങ്കില്‍ യുവതിയുടെ പിതാവിന്റെപേരില്‍ കഴക്കൂട്ടം വില്ലേജില്‍ ഉള്‍പ്പെട്ട കോടികള്‍ വിലവരുന്ന 47 സെന്റ് ഭൂമി സ്വന്തംപേരില്‍ എഴുതിനൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ഭൂമി എഴുതി നൽകിയത്. തുടര്‍ന്ന് നിരന്തരം പീഡനമുണ്ടാവുകയും യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെയും മാതാപിതാക്കളെയും പിതൃസഹോദരനെയും പ്രതികളാക്കി കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

ഹര്‍ജിക്കാരിയുടെ 200 പവന്‍ സ്വര്‍ണാഭരണങ്ങളും കാറിന്റെ വിലയായ 15 ലക്ഷം രൂപയും സമ്മാനം വാങ്ങിയ പത്തുലക്ഷം രൂപയും വാച്ചിന്റെ വിലയും തിരിച്ചുകൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഭാര്യാപിതാവില്‍നിന്ന് എഴുതിവാങ്ങിയ ഭൂമിയുടെ മേല്‍ യുവതിയുടെ ഭര്‍ത്താവിന്റെ അവകാശം റദ്ദാക്കുകയും പ്രമാണച്ചെലവിന്റെ 4.75 ലക്ഷം രൂപ അയാള്‍ ഹര്‍ജിക്കാരിക്ക് നൽകണമെന്നും വിധിയിലുണ്ട്.

സ്ത്രീധനമാവശ്യപ്പെട്ടതിനും യുവതിയെ പീഡിപ്പിച്ചതിനും യുവാവിനും മാതാപിതാക്കള്‍ക്കും എതിരേ മണ്ണന്തല പോലീസ് ക്രിമിനല്‍ക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹര്‍ജിക്കാരിക്കുവേണ്ടി അഭിഭാഷകന്‍ എം.ഷാനവാസ് കോടതയില്‍ ഹാജരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!