നഗരൂർ : നഗരൂരിൽ കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. സംസ്ഥാന – ദേശീയ പാതകളെ ബന്ധിപ്പിക്കുന്ന കിളിമാനൂർ – ആലംകോട് റോഡിൽ സ്ഥിതി ചെയ്യുന്ന പ്രധാന ടൗണാണ് നഗരൂർ. കൂടാതെ, കാരേറ്റ് – നഗരൂർ, കല്ലമ്പലം – നഗരൂർ, ആലംകോട് – നഗരൂർ, കിളിമാനൂർ – നഗരൂർ എന്നീ പ്രധാന റോഡുകൾ സന്ധിക്കുന്ന ഇടം കൂടിയാണ് ഇവിടം. അനവധി വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും സർക്കാർ ഓഫീസുകളും, പൊലീസ് സ്റ്റേഷനും ഉൾപ്പെടെയുള്ളവ ടൗൺ കേന്ദ്രീകരിച്ചാണ് സ്ഥിതി ചെയ്യുന്നത്. നൂറു കണക്കിന് ആളുകളാണ് നിത്യേന ഇവിടെ എത്തുന്നത്. ഇവർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ യാതൊരു സൗകര്യവും ടൗണിൽ ഒരുക്കിയിട്ടില്ല. ഇവിടെ കംഫർട്ട് സ്റ്റേഷൻ ആരംഭിക്കണം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവിടെ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഹോട്ടലുകളിലെ ശൗചാലയങ്ങളും ആളൊഴിഞ്ഞ മരങ്ങളുടെ മറവുകളുമാണ് ഏക ആശ്വാസം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ പലരും ടൗണിന് സമീപത്തുള്ള വീടുകളെയാണ് ആശ്രയിക്കുന്നത്.