ചെമ്പൂര് : അനുഭവങ്ങളുടെ വൻകരകൾ മലയാളിക്കു സമ്മാനിച്ച പ്രസിദ്ധ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാർഷിക ദിനത്തിൽ ബഷീറും,ബഷീർ കൃതികളിലെ വിവിധ കഥാപാത്രങ്ങളും കുട്ടികളോട് സംവദിക്കാൻ വിദ്യാലയത്തിലേക്ക് നേരിട്ടെത്തി.
ഗവ.എൽ.പി.എസ്.ചെമ്പൂരിലെ കുട്ടികളാണ് ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി മാറിയത്.
മജീദ്, സുഹ്റ, ആനവാരി രാമൻനായർ, കുഞ്ഞിപാത്തുമ്മ, പൊൻകുരിശ് തോമ, പാത്തുമ്മ, അബ്ദുൾഖാദർ, മൂക്കൻ, ഒറ്റക്കണ്ണൻ പോക്കർ, നാരായണി, ദേവി തുടങ്ങി പത്തോളം കഥാപാത്രങ്ങളും, കഥാകൃത്ത് ബഷീറുമാണ് കുട്ടികളെ തേടിയെത്തിയത്. ബഷീറിന്റെ ഓർമ്മ ദിനമായ ഇന്നലെ സ്കൂൾ അസംബ്ലിയിലാണ് അതിഥിയായി എത്തിയത് .
കഥയെഴുതാനുണ്ടായ സാഹചര്യങ്ങൾ, ജീവിതത്തിലെ മഹത്തായ അനുഭവങ്ങൾ സ്വതസിദ്ധമായ നർമ്മബോധത്തോടെ ബഷീർ കുട്ടികളുമായി പങ്കുവച്ചു.
പാത്തുമ്മയും, അബ്ദുൾ ഖാദറും, ഒറ്റക്കണ്ണൻ പോക്കറും, ആനവാരി രാമൻ നായരും, പൊൻകുരിശു തോമയും, സുഹറയും മജീദുമെല്ലാം കുട്ടികളോട് സംസാരിച്ചു.
വിവിധ കൃതികളിലെ കഥാപാത്രങ്ങൾ ബഷീറിനൊപ്പം ഒരുമിച്ചെത്തിയത് കുട്ടികൾക്ക് നവ്യാനുഭവം സമ്മാനിച്ചു.
വിദ്യാരംഗം ക്ലബായ ‘എഴുത്തക’ത്തിന്റ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ബഷീർ അനുസ്മരണ പ്രഭാഷണം, ബഷീർ കൃതികളുടെ പ്രദർശനം, എം എ.റഹ്‌മാന്റെ ‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം എന്നിവ നടന്നു. പ്രഥമാധ്യാപിക ഗീതാകുമാരി, പി.റ്റി .എ പ്രസിഡന്റ് അജി തെക്കുംകര , സാബു കൊറ്റാമം,മറ്റധ്യാപകർ എന്നിവർ പങ്കെടുത്തു.