നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി പേയാട് സ്വദേശി അരുണിന് ജീവപര്യന്തം ശിക്ഷ. ഇതിനു പുറമേ 20 വർഷം കഠിനതടവും അനുഭവിക്കണം. ആറു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡിഷനൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണുവാണ് വിധി പറഞ്ഞത്.
പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സൂര്യഗായത്രിയെ അരുണ്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നെന്നാണു കേസ്.
പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. വിവാഹാഭ്യർത്ഥന നിരസിച്ചതിനു മാതാപിതാക്കളുടെ കൺമുൻപിൽ വച്ചായിരുന്നു ആക്രമണം.
2021 ഓഗസ്റ്റ് 31നാണ് സൂര്യഗായത്രി കൊല്ലപ്പെട്ടത്. പ്രേമനൈരാശ്യവും, വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു പ്രോസിക്യൂഷൻ കേസ്. 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ഭിന്നശേഷിക്കാരാണ് സൂര്യയുടെ അച്ഛനും അമ്മയും.
വീടിന്റെ അടുക്കള വാതിലിലൂടെ അകത്തു കടന്ന അരുണ്‍, സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെ ചവിട്ടി താഴെ തള്ളിയിട്ട് മർദിച്ചു. സൂര്യയുടെ തല മുതല്‍ കാല്‍ വരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും കുത്തി. സൂര്യയുടെ പിതാവ് ശിവദാസന്റെ നിലവിളിച്ചതോടെ അരുണ്‍ ഓടി. അയൽക്കാർ എത്തിയപ്പോഴേക്കും അരുൺ സമീപത്തെ മറ്റൊരു വീടിന്റെ ടെറസിൽ ഒളിക്കാൻ ശ്രമിച്ചു. അവിടെനിന്നാണ് നാട്ടുകാരും പൊലീസും ചേർന്ന് അരുണിനെ പിടികൂടിയത്.
സൂര്യഗായത്രിയെ വിവാഹം ചെയ്തു നല്‍കാത്ത വിരോധമാണു പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡിവൈഎസ്പിയുമായ ബി.എസ്. സജിമോന്‍ മൊഴി നൽകി. കൊലപാതകം നടക്കുന്നതിനു രണ്ട് വർഷം മുമ്പ് അരുൺ സൂര്യഗായത്രിയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാർ നിരസിച്ചു. തുടർന്ന്, കൊല്ലം സ്വദേശിയുമായി സൂര്യഗായത്രിയുടെ വിവാഹം നടന്നു. സൂര്യഗായത്രിയുടെ ഭർത്താവിനെ അരുൺ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും സൂര്യഗായത്രി ഉഴപ്പാക്കോണത്തെ വാടകവീട്ടിൽ അമ്മയെ കാണാനെത്തിയത് അറിഞ്ഞാണ് അരുൺ സൂര്യഗായത്രിയുടെ വീട്ടിലെത്തിയത്.
സൂര്യ ഗായത്രിയുടെ ഭര്‍ത്താവ് കൊല്ലം ചന്ദന തോപ്പ് സ്വദേശി രതീഷിനെയും കോടതി വിസ്തരിച്ചു. കൊല്ലപ്പെടുന്നതിനു മൂന്നു മാസം മുന്‍പു തന്നോടു പിണങ്ങിയ സൂര്യഗായത്രി അമ്മയുടെ കരിപ്പൂരുള്ള വീട്ടിലേക്കു വരികയായിരുന്നെന്ന് രതീഷ് കോടതിയെ അറിയിച്ചു. പ്രതി തന്നെ ഫോണില്‍ വിളിച്ച് സൂര്യഗായത്രിക്കും അമ്മയ്ക്കും പണി കൊടുക്കുമെന്ന് പറഞ്ഞതായും രതീഷ് കോടതിയില്‍ മൊഴി നല്‍കി. കൃത്യം നടന്ന വീട്ടിനുള്ളിലെ ചുമരിൽനിന്നു ലഭിച്ച വിരലടയാളം പ്രതി അരുണിന്റെതാണെന്നു വിരലടയാള വിദഗ്ധനും കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീനും വിനു മുരളിയും പ്രതിക്കു വേണ്ടി പരുത്തിപളളി. ടി.എന്‍. സുനില്‍കുമാറും ഹാജരായി.