Search
Close this search box.

വീട്ടുടമസ്ഥയുടെ സ്വർണ വളകൾ മുക്കുപണ്ടമായി മാറി, പോലീസ് അന്വേഷണത്തിൽ ജോലിക്കാരി പിടിയിൽ. സംഭവം വർക്കലയിൽ

ei2SNCF37161

വർക്കലയിൽ വീട്ടുടമസ്ഥരെ കബളിപ്പിച്ചു സ്വർണ്ണം കവർന്ന് പണയം വച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിലായി. വർക്കല സ്വദേശിനി സോജാ എന്ന് വിളിക്കുന്ന സരിതയാണ് വർക്കല പോലീസിന്റെ പിടിയിലായത്.

80000 രൂപ വിലമതിപ്പുള്ള വൈറ്റ് ഗോൾഡ് ഫാഷനിലുള്ള 14.5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നെക്ലസ്സും 4 ഗ്രാം തുക്കം വരുന്ന സ്വർണ്ണ മോതിരവും 16 ഗ്രാം തുക്കം വരുന്ന 2 വളകളുമാണ് മോഷ്ടിച്ചത്.പല തവണകളായി വീട്ടുകാർക്ക് സംശയം തോന്നാത്ത തരത്തിലാണ് മോഷണം നടത്തിയത്.

11 വർഷമായി സുനിൽകുമാറിന്റെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന സരിത വീട്ടുകാരുടെ വിശ്വസ്ഥയായിരുന്നു. സുനിൽകുമാറിന്റെ ഭാര്യ സ്ഥിരമായി ഉപയോഗിക്കുന്ന വള കുളിക്കാൻ പോകുമ്പോഴും ഉറങ്ങുമ്പോഴും ഊരി വയ്ക്കുക പതിവായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 29 ന് സുനിൽകുമാറിന്റെ ഭാര്യക്ക് വളമുക്ക് പണ്ടം ആണെന്ന് സംശയം തോന്നുകയും സരിതയെ വിളിച്ചു വരുത്തി ഇതിനെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. പരസ്പര വിരുദ്ധമായി സരിത മറുപടി നൽകിയതിൽ സംശയം തോന്നിയ സുനിൽകുമാർ വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു.

സുനിൽകുമാറിന്റെ ഭാര്യയും മകളും ധരിക്കുന്ന സ്വർണ്ണത്തിന്റെ അതേ മോഡലിൽ ഉള്ള മുക്ക് പണ്ടങ്ങൾ സംഘടിപ്പിച്ച ശേഷം യഥാർത്ഥ സ്വർണ്ണം മോഷ്ടിക്കുകയാണ് സരിത ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വള മാത്രമാണ് മോഷണം നടത്തിയത് എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബാങ്കിൽ അന്വേഷിക്കുമ്പോഴാണ് ലക്ഷങ്ങൾ വിലമതിപ്പുള്ള സ്വർണ്ണം പണയം വച്ചിരിക്കുന്നത് പോലീസ് കണ്ടെത്തുന്നത്.

മോഷ്ടിച്ച സ്വർണ്ണം സ്വകാര്യ ബാങ്കിൽ പണയം വച്ചു ലക്ഷങ്ങൾ കൈക്കലാക്കുകയും തുടർന്ന് യുവതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കണ്ടെടുത്തിട്ടുണ്ട്.

യുവതിക്ക് മുക്ക് പണ്ടം സംഘടിപ്പിക്കുന്നതിനും തന്ത്രങ്ങൾ ഉപദേശിക്കുന്നതിനും കൂട്ടാളി ഉണ്ടാകാം എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് യുവതിയിൽ നിന്നും മറ്റ് സൂചനകൾ ഒന്നും ലഭിച്ചില്ലെങ്കിലും വിശദമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാകും എന്ന് വർക്കല പോലീസ് അറിയിച്ചു.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!