അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിന് ഫിറ്റ്നസ് ലഭിച്ചില്ലെന്ന ആരോപണം വാസ്തവവിരുദ്ധമെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി.
പൂർണ്ണമായും കിഫ്ബിക്ക് നിർമ്മാണ ചുമതലയുണ്ടായിരുന്ന കെട്ടിടത്തിന്റെ പണി പൂർത്തിയായപ്പോൾ നിർമ്മിച്ച ഒരു കോണിപ്പടിക്ക് പുറമെ രണ്ടാമതൊന്നു കൂടി വേണമെന്ന നഗരസഭ പൊതുമരാമത്ത് വിഭാഗം പരിശോധനാ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടാണ് ഫിറ്റ്നസ് കിട്ടുന്നതിൽ നിന്നും കെട്ടിടത്തെ അയോഗ്യമാക്കിയതെന്ന് ചെയർപേഴ്സൺ പറഞ്ഞു. തുടർന്ന് നടത്തിയ നിരവധി ഇടപെടലുകൾക്ക് ഒടുവിൽ ചെയർപേഴ്സനും, പിടിഎ പ്രസിഡന്റ് ടിഎൽ.പ്രഭനും, കൗൺസിലർ രാജഗോപാലൻ പോറ്റിയും മാർച്ച് 28ന് കിഫ്ബി അധികൃതരുമായി കൂടികാഴ്ച്ച നടത്തി. കൂടികാഴ്ച്ചയുടെ അനന്തരഫലമെന്നോണം നിർമ്മാണ ചുമതലയുണ്ടായിരുന്ന പൂജപ്പുരയിലെ കൈറ്റ് എന്ന സർക്കാർ ഏജൻസിയിലെത്തി ചീഫ് എഞ്ചിനീയറുമായും ചർച്ച നടത്തി. മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ അനുകൂല ഉത്തരവുമായാണ് കൈറ്റിന്റെ പടിയിറങ്ങിയതെന്നും തൊട്ടടുത്ത ദിവസം തന്നെ ചെയർപേഴ്സന്റെ നിർദ്ദേശപ്രകാരം ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ കൈറ്റിൽ നിന്നു ലഭിച്ച വിശദീകരണ പകർപ്പോടു കൂട്ടിച്ചേർത്ത് സ്കൂളിന്റെ പേരിലുള്ള അപേക്ഷയും നഗരസഭാ ഓഫീസിൽ നൽകിയെന്നുമാണ് വെളിപ്പെടുത്തുന്നത്.
ഈ വിവരം മണത്തറിഞ്ഞ ഒരു കൂട്ടം അധ്യാപകരാണ് കേവലം രാഷ്ട്രീയ ലാഭത്തിനു വേണ്ടി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിന് ഫിറ്റ്നസ് ലഭിച്ചില്ല എന്നാരോപിച്ച് സമര നാടകവുമായി രംഗത്തുവന്നതെന്നും അവർ പ്രതികരിച്ചു.