ചെമ്മരുതി പഞ്ചായത്തിലെ വായനശാല മുതൽ വണ്ടിപ്പുര വരെയുള്ള റോഡിന്റെ നിർമാണം തുടങ്ങിയിട്ട് മാസങ്ങളായി. ഈ റോഡിൽ പാലം നിർമിക്കുന്നതിനായി റോഡ് രണ്ടായി വെട്ടി മുറിക്കുകയുണ്ടായി. ബദൽ സംവിധാനങ്ങൾ ഒന്നും ഒരുക്കാതെ ഇവിടെ ഉണ്ടായിരുന്ന വാമനപുരം ജല പദ്ധതിയുടെ പൈപ്പ് ലൈനും അതിനൊപ്പം മുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് കാരണം നൂറു കണക്കിന് കുടുംബങ്ങളാണ് ഒരു തുള്ളി വെള്ളം കിട്ടാതെ ആഴ്ച്ചകളായി ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പരാതിപ്പെട്ട് പിഡബ്ല്യുഡി യെ സമീപിക്കുമ്പോൾ വാട്ടർ അതോറിറ്റിയെയും വാട്ടർ അതോറിറ്റിയെ സമീപിക്കുമ്പോൾ
പിഡബ്ല്യുഡി യെയും പഴിചാരി ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് കഴിഞ്ഞ കുറെ നാളായി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നാണ് ആരോപണം.
ഉത്തരവാദമില്ലാതെ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ചൂണ്ടി കാണിച്ചു വകുപ്പ് മന്ത്രിമാരുടെ ഓഫിസുകളിലേക്കും ജന പ്രതിനിധികളോടും പരാതിപെട്ടെങ്കിലും അവരുടെ നിർദേശങ്ങളും അവഗണിക്കുകയാണ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം വർക്കല വാട്ടർ അതോറിറ്റിയിലേക്ക് നൂറ് കണക്കിന് ജനങ്ങളാണ് ഈ ഭാഗത്തുനിന്നും പ്രതിഷേധം അറിയിക്കാൻ എത്തിയത്.