കിളിമാനൂർ ഇരട്ടച്ചിറയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അധ്യാപിക മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. കവിയൂർ കമലവിലാസത്തിൽ കെ.ഗിരീഷ്‌കുമാറിനെ (54)യാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. എയർപോർട്ടിൽ പോയി മടങ്ങുന്ന വഴിയാണ് സംഭവം.
പാപ്പാല എം.എസ്.എ. കോട്ടേജിൽ എം.എസ്.അജില(33) ആണ് മരിച്ചത്. മകൻ ബി.ആര്യനാണ് (5) പരിക്കേറ്റത്. മകനെ പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ എം.ജി.എം. സ്കൂളിലെ അധ്യാപികയായിരുന്നു അജില.
ഞായറാഴ്ച വൈകുന്നേരം 4.30 മണിയോടെ സംസ്ഥാന പാതയിൽ ഇരട്ടച്ചിറക്കും പൊരുന്തമണിനും ഇടയിലായിരുന്നു അപകടം. അജിലയും മകനും കിളിമാനൂർ പാപ്പാലയിലുള്ള കുടുംബവീട്ടിൽ നിന്നും വാമനപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകവേയാണ് എതിർദിശയിൽ നിന്നു അതിവേഗതയിൽ വന്ന കാർ നിയന്ത്രണംവിട്ട് മറുവശത്തുകൂടിവന്ന സ്കൂട്ടറിൽ ഇടിച്ചത്.
അജിലയുടെ സ്കൂട്ടറിൽ ഇടിച്ച കാർ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് റോഡിലൂടെ പോയിരുന്ന മറ്റൊരു കാറിലിടിച്ചാണ് നിന്നത്.ഗുരുതരമായി പരിക്കേറ്റ അജിലയെ ആശുപത്രിയിലേക്ക് എത്തിക്കും മുൻപ് തന്നെ മരിച്ചു. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മൃതദേഹ പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. മണിരാജൻ-സുദർശന ദമ്പതിമാരുടെ മകളാണ്. പുതിയകാവ് ബാലുഷ് ബാബു ആണ് ഭർത്താവ്.